Latest News

മുതിര്‍ന്ന നേതാക്കളെ വെയിലത്ത് നിര്‍ത്തി മുന്നോട്ടുപോകില്ല; ചര്‍ച്ചകളില്‍ നേതാക്കളുടെ പൂര്‍ണപിന്തുണയാണ് ലഭിക്കുന്നതെന്നും വിഡി സതീശന്‍

ജനാധിപത്യ സംഘടനയായതിനാല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകുന്നത് സ്വാഭാവികമാണ്. അവരുമായി സംസാരിച്ച് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതില്‍ തനിക്ക് ഒരു ഈഗോ പ്രശ്‌നവുമില്ലെന്നും വിഡി സതീശന്‍

മുതിര്‍ന്ന നേതാക്കളെ വെയിലത്ത് നിര്‍ത്തി മുന്നോട്ടുപോകില്ല; ചര്‍ച്ചകളില്‍ നേതാക്കളുടെ പൂര്‍ണപിന്തുണയാണ് ലഭിക്കുന്നതെന്നും വിഡി സതീശന്‍
X

ആലപ്പുഴ: രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിന് മാര്‍ഗനിര്‍ദേശം നല്‍കേണ്ട നേതാക്കളാണെന്നും അവരെയൊന്നും വെയിലത്ത് നിര്‍ത്തി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അനുനയചര്‍ച്ചകള്‍ക്ക് നേതാക്കളുടെ പൂര്‍ണ്ണപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളെ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ച് പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ആശവിനിമയത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിച്ച് ഒന്നിച്ചുമുന്നോട്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്.

മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുകയോ അപമാനിക്കുകയോ അവര്‍ക്ക് പ്രയാസമുണ്ടാക്കുകയോ പാടില്ല അങ്ങനെയുണ്ടായിട്ടുണ്ടെന്ന് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതുകൂടി പരിഹരിച്ച് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഒന്നാംഘട്ട പുനസംഘടനാനടപടികളാണ് ഇപ്പോള്‍ പിന്നിട്ടത്. രണ്ടാംഘട്ട, മുന്നാംഘട്ട പുനസംഘടനാനടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്. അതിനാല്‍ തന്നെ ചര്‍ച്ചകളും ആശയവിനിമയവും തുടരും. ഈ ഘട്ടങ്ങളില്‍ എല്ലാ നേതാക്കളുടെയും പൂര്‍ണ പിന്തുണ ലഭിക്കുമെന്ന് തനിക്ക് പ്രത്യാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിന് മാര്‍ഗനിര്‍ദേശം നല്‍കേണ്ട നേതാക്കളാണ്. അവരെയൊന്നും വെയിലത്ത് നിര്‍ത്തി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. സുഹൃത്തുക്കളും ജേഷ്ഠാനുജന്മാരെപ്പോലെ ബന്ധമുള്ളവരുമാണ് ഞങ്ങള്‍. കുടുംബങ്ങളില്‍ ചില പരിഭവങ്ങളുണ്ടാകുമല്ലോ അതുപോലെയാണ് ഈ പ്രശ്‌നങ്ങളും. അത് മൂന്നാമത് ഒരാളുടെ സഹായമില്ലാതെ തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇല്ല എന്നുറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ സാധിക്കില്ല. ജനാധിപത്യ സംഘടനയായതിനാല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകുന്നത് സ്വാഭാവികമാണ്. അവരുമായി സംസാരിച്ച് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതില്‍ തനിക്ക് ഒരു ഈഗോ പ്രശ്‌നവുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷനേതാവ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് നല്ലകാര്യമാണൈന്നും ചര്‍ച്ചകളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും യുഡിഎഫ് ശക്തമാകണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. താനും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ ചില വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു. അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുന്നത് സ്വീകാര്യമാണെന്നും ചെന്നിത്തല ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it