Latest News

പുതുതലമുറയോട് രാഷ്ട്രീയം പറഞ്ഞ് ഡോ. തസ്‌ലിം റഹ്മാനി

പുതുതലമുറയോട് രാഷ്ട്രീയം പറഞ്ഞ് ഡോ. തസ്‌ലിം റഹ്മാനി
X

വേങ്ങര: അരാഷ്ട്രീയ ചിന്തയിലമര്‍ന്ന് രാഷ്ട്രീയബോധം നഷ്ടപ്പെടുന്ന യുവതക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം പകര്‍ന്ന് നല്‍കി എസ്ഡിപിഐ മലപ്പുറം ലോകസഭാമണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി. വേങ്ങരയില്‍ പര്യടനത്തിനിടെ യൂത്ത് വിത്ത് കാന്റിഡേറ്റ് എന്ന പരിപാടിയിലാണ് പുതുതലമുറയുടെ രാഷ്ട്രീയചിന്തകള്‍ക്ക് ഉണര്‍വ് നല്‍കി റഹ്്മാനിയെത്തിയത്.

എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന വിശപ്പില്‍ നിന്ന് മോചനം, ഭയത്തില്‍ നിന്ന് മോചനം എന്ന രാഷ്ട്രീയ ആശയവും ഫാഷിസ്റ്റ് വിരുദ്ധതയും വിശദീകരിച്ച് തുടങ്ങിയ സ്ഥാനാര്‍ഥിയുടെ ആശയവിനിമയത്തില്‍ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന അപചയവും ജനാധിപത്യത്തിന്റെ മരണമണിയും ചര്‍ച്ചയായി. ഇന്ത്യന്‍ജനസംഖ്യയുടെ പകുതിയിലധികം വരുന്ന യുവജനത മനസ്സുവെച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് തസ്്‌ലിം റഹ്്മാനി അഭിപ്രായപ്പെട്ടു. പോരാട്ടവീര്യം നെഞ്ചേറ്റിയ മലപ്പുറത്തെ യുവാക്കളുടെ മനസ്സിലുള്ള ഫാഷിസ്റ്റ് വിരുദ്ധത സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഷണ്ഡീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ തെരുവുകളെ ഭയരഹിതമാക്കി മാറ്റാന്‍ യുവതലമുറ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വേങ്ങര താഴെ അങ്ങാടിയില്‍ നടന്ന യൂത്ത് വിത്ത് കാന്റിഡേറ്റ് പരിപാടിയില്‍ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുത്തും സ്ഥാനാര്‍ഥിയെ ആനയിച്ച് ടൗണില്‍ പ്രകടനം നടത്തിയുമാണ് പുതുതലമുറ സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്.

Next Story

RELATED STORIES

Share it