Latest News

ദേശീയപാത 66 വികസനം: കൂടിയ നഷ്ട പരിഹാര തുക സെന്റിന് 40.93 ലക്ഷം രൂപ

ദേശീയപാത 66 വികസനം: കൂടിയ നഷ്ട പരിഹാര തുക സെന്റിന് 40.93 ലക്ഷം രൂപ
X

കൊച്ചി: ദേശീയ പാത 66 വികസനത്തിനായി ഇടപ്പള്ളി - മൂത്തകുന്നം മേഖലയില്‍ ആറുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഏറ്റവും കൂടിയ നഷ്ട പരിഹാരം സെന്റിന് 40,92,986 രൂപയായി നിശ്ചയിച്ചു്. ഇടപ്പള്ളി നോര്‍ത്ത് വില്ലേജിലെ കാറ്റഗറി എ യില്‍ വരുന്ന ഭൂമിക്കാണ് ഈ തുക നഷ്ടപരിഹാരമായി ലഭിക്കുക. കെട്ടിടവും വ്യാപാര സ്ഥാപനങ്ങളും ഒഴിഞ്ഞു കൊടുക്കുമ്പോള്‍ നഷ്ടപരിഹാരത്തിന് പുറമേ പ്രത്യേക ഇളവുകളും ഇതു സംബന്ധിച്ച പാക്കേജിലുണ്ട്.

ദേശീയപാത വികസനത്തിന്റെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി മുമ്പാകെയാണ് നഷ്ടപരിഹാര പാക്കേജ് അവതരിപ്പിച്ചത്.

രേഖകള്‍ കൈപ്പറ്റി നഷ്ടപരിഹാര തുക അനുവദിച്ച ശേഷം കെട്ടിടം ഒഴിയുന്നതിന് രണ്ടു മാസം വരെ സമയം ലഭിക്കും. കെട്ടിടത്തില്‍ നിന്നും ഉപയോഗ്യമെന്ന് തോന്നുന്ന ഏതു സാമഗ്രികളും ഉടമകള്‍ക്ക് എടുക്കാനും അനുമതിയുണ്ട്. സ്ഥലമെടുപ്പിന്റെ ഭാഗമായി വീടുകള്‍ പൂര്‍ണ്ണമായും നഷ്ടമാകുന്നവര്‍ക്ക് 50 സ്‌ക്വയര്‍ മീറ്റര്‍ വീടോ 1,50,000 രൂപയോ ലഭിക്കും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് 12 തവണ 3,000 രൂപ വീതം നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുടുംബമാണെങ്കില്‍ 50,000 രൂപ അധികം നല്‍കും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് സാധനങ്ങള്‍ മാറ്റുന്നതിന് 50,000 രൂപ ഒറ്റത്തവണ സഹായമായും നല്‍കും.

തൊഴുത്ത്, പെട്ടിക്കടകള്‍ എന്നിവ പൊളിച്ചു മാറ്റുമ്പോള്‍ 25,000 രൂപ ധനസഹായം നല്‍കും. കരകൗശല, ചെറുകിട വ്യാപാരികള്‍ക്ക് 25,000 രൂപ ചെലവിനത്തിലും 50,000 രൂപ അലവന്‍സായും നല്‍കും. ഈ രീതിയില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് 2,86,000 രൂപയാണ് നഷ്ടപരിഹാരത്തിന് പുറമെ ലഭിക്കുക. രേഖകളില്ലാതെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് 1,50,000 രൂപയാണ് നല്‍കുക.

മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് ദേശീയപാതയ്ക്ക് വശങ്ങളിലുള്ള സര്‍വീസ് റോഡുകള്‍ക്ക് ശേഷം സ്ഥലമുള്ളവര്‍ക്ക് അവിടെ വീടോ ചെറുകിട വ്യാപാര സ്ഥാപനങ്ങളോ നിര്‍മ്മിക്കുന്നതിന് മറ്റ് വ്യവസ്ഥകള്‍ ബാധകമാകില്ല. ദേശീയ പാതയിലെ കുടിവെള്ള പൈപ്പ് ലൈനുകളും ഓടകളും ദേശീയ പാത അതോറിറ്റി നിര്‍മിച്ച് നല്‍കും.

മൂത്തകുന്നം -ഇടപ്പള്ളി മേഖലയില്‍ എട്ട് വില്ലേജുകള്‍ക്ക് കീഴിലുള്ള സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. ആറു പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് ഈ പരിധിയിലുള്ളത്.

Next Story

RELATED STORIES

Share it