Latest News

ഓഫിസ് തകര്‍ത്തത് ഉത്തരവാദിത്വമില്ലാത്ത നടപടി, ആരോടും ദേഷ്യമില്ല; രാഹുല്‍ ഗാന്ധി

ഓഫിസ് തകര്‍ത്തത് ഉത്തരവാദിത്വമില്ലാത്ത നടപടി, ആരോടും ദേഷ്യമില്ല; രാഹുല്‍ ഗാന്ധി
X

കല്‍പ്പറ്റ: തന്റെ ഓഫിസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫിസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫിസ് ആണിത്. പൊതു ജനങ്ങളുടെ ഓഫിസാണിത്. അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ അക്രമം നടത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സുപ്രിം കോടതി പറഞ്ഞത് സത്യമാണ്. വിവാദ പ്രസ്താവന നടത്തിയ ആള്‍ അല്ല രാജ്യത്ത് ഇപ്പോഴുള്ള സാഹര്യം സൃഷ്ടിച്ചത് ബിജെപി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ദേശവിരുദ്ധമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇന്ത്യയുടെ താല്‍പര്യത്തിനും ജനങ്ങളുടെ താല്‍പര്യത്തിനും എതിരാണ് അവര്‍ ചെയ്യുന്നത്. അവരുടെ അത്തരം നടപടികളാണ് ഇപ്പോള്‍ രാജ്യത്തുള്ളതുപോലുള്ള ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്.

ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നു.

രാഹുല്‍ഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ആയിരത്തോളം പോലിസ് ഓഫിസര്‍മാരെയാണ് വിന്യസിച്ചിട്ടുള്ളത്. കണ്ണൂര്‍ മാങ്ങാട്ട് പറമ്പ് എഎപി ക്യാമ്പ്, മലപ്പുറം എംഎസ്പി ക്യാമ്പ്, തൃശ്ശൂര്‍ വനിത ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലിസുകാര്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലയിലെത്തിയിരുന്നു. എം.പി ഓഫിസ് ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ ഡി.ഐ.ജി. രാഹുല്‍.ആര്‍. നായര്‍ക്കാണ് പോലിസിന്റെ മേല്‍നോട്ടം. ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ജില്ലാ പോലിസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അവധിയിലായതിനാല്‍ പോലിസ് ആസ്ഥാനത്തെ എസ്.പി. ആയ ആര്‍. ആനന്ദിനാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല. കൂടാതെ മൂന്ന് തഹസില്‍ദാര്‍മാര്‍ക്ക് എക്‌സി. മജിസ്‌ട്രേറ്റിന്റെ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് അധികച്ചുമതലയും നല്‍കി.

Next Story

RELATED STORIES

Share it