Latest News

വകുപ്പുതല നടപടികളും സസ്‌പെന്‍ഷനും ' നന്നാക്കാതെ' ഹണി കെ ദാസ് ; പോലിസ് വകുപ്പിനും തലവേദനയായി പരപ്പനങ്ങാടി സിഐ

പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരിലും ഹണി കെ ദാസ് സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്

വകുപ്പുതല നടപടികളും സസ്‌പെന്‍ഷനും  നന്നാക്കാതെ ഹണി കെ ദാസ് ; പോലിസ് വകുപ്പിനും തലവേദനയായി പരപ്പനങ്ങാടി സിഐ
X

കോഴിക്കോട്: പോലിസ് അതിക്രമങ്ങളുടെ പേരില്‍ ധാരാളം പരാതികള്‍ ഉയരുകയും പല പ്രാവശ്യം വകുപ്പു തല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്ത ഹണി കെ ദാസ് എന്ന പോലിസ് ഉദ്യോഗസ്ഥനെതിരില്‍ മറ്റൊരു പരാതി കൂടി ഉയര്‍ന്നു. താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാന്‍ വീടിന്റെ പരിസരത്ത് നിന്ന ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത പുതിയ പരാതിയാണ് നിലവില്‍ പരപ്പനങ്ങാടി സി ഐ ആയ ഹണി കെ ദാസിനെതിരില്‍ ഉയര്‍ന്നിട്ടുള്ളത്. ഓഫിസ് ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരപ്പനങ്ങാടി തഹസില്‍ദാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പോലിസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.

ഹണി കെ ദാസ് മുന്‍പ് ജോലി ചെയ്ത ഇടങ്ങളിലെല്ലാം നിരവധി അതിക്രമങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. ആലുവ സ്റ്റേഷനില്‍ എസ് ഐ ആയിരിക്കെ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ മുന്‍പ് സസ്‌പെന്‍ഷനിലായിരുന്നു. ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ചു വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു അന്ന് ഹണി കെ ദാസിനെ സസ്പെന്റ് ചെയ്തത്. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇയാളെ പൊലീസ് അവിടെ നിന്നു വീണ്ടും പിടികൂടി ലോക്കപ്പിലിട്ടു മര്‍ദിക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരിലും ഹണി കെ ദാസ് സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലാണ് ഇവരെ കുടുക്കി അറസ്റ്റ് ചെയ്തത്. പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മര്‍ദ്ദനങ്ങളുടെ പേരിലും ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പിനും പോലീസ് കംപ്ലൈയിന്റ് അതോറിറ്റിക്കും മുന്‍പ് ജോലി ചെയ്ത ഇടങ്ങളില്‍ നിന്നും പല പരാതികളും പോയിട്ടുണ്ട്. സിപിഎം അനുകൂലിയായിതിനാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അവയിലധികവും ഒതുക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് പല പരാതിക്കാരും കോടതിയെ സമീപിക്കുകയാണ് ചെയ്തത്.

പരപ്പനങ്ങാടിയില്‍ ചുമതല ഏറ്റതിനു ശേഷവും ഹണി കെ ദാസിനെതിരില്‍ പര പരാതികളും ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രതിയെ പിടികൂടാന്‍ അര്‍ധരാത്രി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും പ്രതിയുടെ പിതാവിനെ മര്‍ദ്ദിച്ചതിനും പരാതി നല്‍കിയിരുന്നു. പിഴയടച്ച പണത്തിന്റെ ബാക്കി കൊടുക്കാതിരുന്നത് ചോദിച്ചതിന് പൊതുപ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന പരാതിയും ഹണി കെ ദാസിനെതിരില്‍ ഉയര്‍ന്നിരുന്നു.

താലൂക്ക് ഓഫിസ് ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം പിടിച്ചെടുത്ത ഫോണിനായി സ്‌റ്റേഷനിലെത്തിയ തഹസില്‍ദാറോട് വളരെ മോശമായിട്ടാണ് സി ഐ ഹണി കെ ദാസ് പെരുമാറിയത്. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പോലിസിനെ നിയന്ത്രിക്കുന്നത് കലക്ടര്‍ അല്ലെന്നും ആര്‍ക്കു വേണമെങ്കിലും പോയി പരാതി നല്‍കിക്കോ എന്നുമായിരുന്നു പരിഹാസം.

Next Story

RELATED STORIES

Share it