Latest News

ഡോക്ടറുടെ ആത്മഹത്യ: ഡല്‍ഹി എഎപി എംഎല്‍എയ്ക്ക് ജാമ്യം

ഡോക്ടറുടെ ആത്മഹത്യ: ഡല്‍ഹി എഎപി എംഎല്‍എയ്ക്ക് ജാമ്യം
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ എഎപി എംഎല്‍എക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്തിന്റെ ബെഞ്ചാണ് എംഎല്‍എ പ്രകാശ് ജര്‍വാളിന് ജാമ്യം അനുവദിച്ചത്. ജയില്‍ സൂപ്രണ്ടിനു മുന്നില്‍ 25,000 രൂപയുടെ ബോണ്ടും ഒപ്പിട്ടുനല്‍കണം.

''പ്രതി മെയ് 9 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷമം കഴിഞ്ഞു. വിചാരണയ്ക്ക് ഇനി ധാരാളം സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് തീര്‍പ്പ് കല്‍പ്പിക്കാതെ തന്നെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയാണ് നീതി- ജസ്റ്റിസ് സുരേഷ് പറഞ്ഞു.

വാദിഭാഗം സാക്ഷികളെ പ്രതി പ്രകാശ് ജര്‍വാള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ഇപ്പോള്‍ തന്നെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും സ്വാധീനിക്കാന്‍ ശ്രമിച്ചതിനും പോലിസ് കേസ് എടുത്തിട്ടുണ്ട്. അതുപോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ പോലിസിന് നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജര്‍വാല്‍ നിലവില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. നേരത്തെ വിചാരണക്കോടതി ജര്‍വാളിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകരായ റെബേക്ക ജോണ്‍, രവി ദ്രാള്‍ എന്നിവരാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്. ആത്മഹത്യാകുറിപ്പില്‍ ഒപ്പില്ലെന്നും എഴുതാനുപയോഗിച്ച മഷി വേറെവേറെയാണെന്നും പ്രതിയുടെ അഭിഭാഷകര്‍ വാദിച്ചു.

വാട്ടര്‍ ടാങ്ക് ബിസിനസ് നടത്തുന്ന ഡോക്ടര്‍ക്ക് ഡല്‍ഹി ജല്‍ബോര്‍ഡിലേക്ക് വിതരണം ചെയ്ത വാട്ടര്‍ടാങ്കിന്റെ പണം നല്‍കാതെ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും അതിനെ തുടര്‍ന്നാണ് തന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നും മരിച്ച ഡോക്ടറുടെ മകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it