Latest News

അപകീര്‍ത്തിക്കേസ്: വാങ്കഡെ നല്‍കിയ പരാതിയില്‍ നവാബ് മാലിക്ക് മറുപടി നല്‍കണമെന്ന് മുംബൈ ഹൈക്കോടതി

അപകീര്‍ത്തിക്കേസ്: വാങ്കഡെ നല്‍കിയ പരാതിയില്‍ നവാബ് മാലിക്ക് മറുപടി നല്‍കണമെന്ന് മുംബൈ ഹൈക്കോടതി
X

മുംബൈ: സമീര്‍ വാങ്കഡെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മറുപടി നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനോട് മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചു. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ നല്‍കിയ 1.25 കോടി രൂപയുടെ അപകീര്‍ത്തിക്കേസിലാണ് നവാബ് മാലിക്ക് മറുപടി നല്‍കേണ്ടത്.

സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയോ ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാന്‍ മാലിക്കിന്റെ അഭിഭാഷകന്‍ അതുല്‍ ദാംലെ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസ് എം.ജെ. ജംദാര്‍ കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.

മാലിക് എല്ലാ ദിവസവും ഓരോ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് വാങ്കഡെയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കുറച്ച് ദിവസത്തേക്ക് മന്ത്രി ഇക്കാര്യത്തില്‍ നിശ്ശബ്ദനായിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു. വാങ്കഡെയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടരുതെന്നാണ് ആവശ്യം. നിലവില്‍ മാലിക് പോസ്റ്റ്‌ചെയ്ത അഭിമുഖങ്ങള്‍, ട്വീറ്റുകള്‍, സാമൂഹികമാധ്യമ ഇടപെടലുകള്‍ എന്നിവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം എഴുതിനല്‍കാനാവില്ലെന്നാണ് മാലിക് കോടതിയെ അറിയിച്ചത്.

സമൂഹത്തില്‍ തനിക്കുള്ള പദവിയും അന്തസ്സും ഹനിക്കുന്ന തരത്തില്‍ ഇടപെട്ടതിന് 1.25 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് മാലിക്കിനെതിരേ നല്‍കിയ ഹരജിയില്‍ വാങ്കഡെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ്, തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നെന്നും അതില്‍ സമീര്‍ വാങ്കഡെയ്ക്ക് പങ്കുണ്ടെന്നുമായിരുന്നു നവാബ് മാലിക്കിന്റെ വാദം.

Next Story

RELATED STORIES

Share it