Latest News

കരിപ്പൂരില്‍നിന്ന് ഗള്‍ഫ്, ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം: എം കെ രാഘവന്‍ എംപി

കരിപ്പൂരില്‍നിന്ന് ഗള്‍ഫ്, ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം: എം കെ രാഘവന്‍ എംപി
X

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കും ഡല്‍ഹിയിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും അടിയന്തരമായി പുനസ്ഥാക്കണമെന്നും എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ പോയി എയര്‍ ഇന്ത്യ മാനേജ്‌മെന്റുമായി സംസാരിക്കുമെന്നും എംപി പറഞ്ഞു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ബഹുഭൂരിപക്ഷം പ്രവാസികളും ഉപയോഗിക്കുന്ന വിമാനത്താവളമാണ് കോഴിക്കോട്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സെക്ടറില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് യാതൊരു നിലയ്ക്കും നീതീകരിക്കാവുന്നതല്ല. ഡോക്ടര്‍ എം കെ മുനീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് വേണ്ടി അടുത്ത നിയമസഭാ സമ്മേളനത്തില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംഡിഎഫ് പ്രസിഡന്റ് എസ് എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

എംഡിഎഫ് ചെയര്‍മാന്‍ യു എ നസീര്‍ വിഷയാവതരണം നടത്തി. കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക, പ്രവാസി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക, തിരുനാവായ- ഗുരുവായൂര്‍ റെയില്‍വെ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് എംഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തുടര്‍ന്നു ഡല്‍ഹിയിലും തിരുവനന്തപുരത്തും ഈ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ വേണ്ടി കോഴിക്കോട്ടെ മറ്റു സംഘടനകളുമായി ഒത്തുചേര്‍ന്ന് വേണ്ട പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് എംഡിഎഫ് നേതൃത്വം അറിയിച്ചു.

ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോള്‍, കരീം വളാഞ്ചേരി, നിസ്താര്‍ ചെറുവണ്ണൂര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീകല, എന്‍ കെ റഷീദ് ഉമരി, അബ്ദുല്‍ അസീസ്, ഉമര്‍ തുറക്കല്‍, സുബൈര്‍ കോട്ടയ്ക്കല്‍, മൊയ്ദുപ്പ ഹാജി, വാസന്‍ കോട്ടയ്ക്കല്‍, ലുഖ്മാന്‍ അരീക്കോട്, ഇസ്മയില്‍ എടച്ചേരി (ഷാര്‍ജ), എ അബ്ദുറഹ്മാന്‍, എ ബി ഫ്രാന്‍സിസ്, റസിയ വെള്ളയില്‍ സംസാരിച്ചു. സഹദ് പുറക്കാട്, അശ്‌റഫ് കളത്തിങ്ങള്‍പാറ പങ്കെടുത്തു.

Next Story

RELATED STORIES

Share it