Latest News

ഡിസംബര്‍ 30: കൊറോണ വൈറസ് ബാധ ആദ്യം റിപോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു

ഡിസംബര്‍ 30: കൊറോണ വൈറസ് ബാധ ആദ്യം റിപോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു
X

കോഴിക്കോട്: കൊറോണ വൈറസ് വാധയെ കുറിച്ചുള്ള ആദ്യ സൂചന ലോകത്തിന് നല്‍കിയിട്ട് ഇന്ന് ഡിസംബര്‍ 30ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് (34) ആണ് പുതിയൊരു രോഗം പൊട്ടിപ്പുറപ്പെട്ടതായ സൂചന ആദ്യം നല്‍കുന്നത്. ഡോക്ടര്‍മാരുടെ ഒരു സ്വകാര്യഗ്രൂപ്പിലാണ് ഡോ. ലി വെന്‍ലിയങ് ഇതുസംബന്ധിച്ച സംശയം പ്രകടിപ്പിച്ചത്. പക്ഷേ, ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ നടപടിയിലേക്ക് നീങ്ങുകയും പോലിസ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഏകദേശം ഒരു മാസത്തിനുള്ളില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകരും അതേ രോഗത്തിന് കീഴടങ്ങി.

ചൈനയില്‍ പ്രചാരത്തിലുള്ള വി ചാറ്റിലൂടെയാണ് അദ്ദേഹം പകര്‍ച്ചവ്യാധി സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 2003 ല്‍ മഹാമാരിയായി പടര്‍ന്നുപിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു സന്ദേശം. അണുബാധ ഒഴിവാക്കാന്‍ഡോക്ടര്‍മാര്‍ സംരക്ഷണവസ്ത്രം ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പബ്ലിക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡോക്ടറുടെ പേരുപോലും മറയ്ക്കാതെയാണ് സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന്‍ പോലിസ് എത്തി അദ്ദേഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്ത ശരിയല്ലെന്ന് എഴുതി നല്‍കിയില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്‍കി. ചാറ്റ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തെത്തുടര്‍ന്ന് ജനുവരി 3നാണ് ഡോക്ടര്‍ ലീയെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയും ഓണ്‍ലൈനില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും സാമൂഹികക്രമത്തെ സാരമായി തടസ്സപ്പെടുത്തുകയും ചെയ്തതിന് ശാസിച്ചത്.

പിന്നീട് ഡോക്ടര്‍ വീണ്ടും രോഗികളുടെ പരിചരിക്കാന്‍ പോയി. മിക്കവരും സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് രോഗികളെ പരിശോധിച്ചത്. ഒരു മാസത്തിനുശേഷമാണ് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഓരോ ദിവസവും കൊറോണ ബാധിച്ച് മരിക്കുന്നവരുടെയും ചികില്‍സ തേടുന്നവരുടെയും എണ്ണം കൂടിക്കൂടി വന്നു.

ലീയുടെ മുന്നറിയിപ്പ് അവഗണിച്ചതിനെതിരേ വ്യാപകപ്രതിഷേധവുമുണ്ടായി. ഒടുവില്‍ പ്രാദേശിക ഭരണകൂടം ഡോ. ലീയോട് ക്ഷമ ചോദിച്ചു. എന്നാല്‍, മുന്നറിയിപ്പ് നല്‍കിയ ഡോ. ലീയും കൊറോണയുടെ പിടിയിലായി.

വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ചൈനീസ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടിരുന്നു.

Next Story

RELATED STORIES

Share it