Latest News

മഴക്കെടുതി: രാജസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 80ആയി; 55 പേര്‍ക്ക് പരിക്ക്

മഴക്കെടുതി: രാജസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 80ആയി; 55 പേര്‍ക്ക് പരിക്ക്
X

ജയ്പൂര്‍: മണ്‍സൂണ്‍ കടുത്തതോടെ രാജസ്ഥാനില്‍ മരിച്ചവരുടെ എണ്ണം എണ്‍പതായി. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി പ്രളയത്തെത്തുടര്‍ന്ന് 55 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബുന്‍ഡിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 16. തലസ്ഥാനമായ ജയ്പൂരില്‍ 15 പേര്‍ മരിച്ചു. ടോന്‍കയില്‍ 8 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോട്ടയില്‍ ആറ് പേരും മരിച്ചു. സാധൊപൂരില്‍ നാല് പേര്‍ മരിച്ചു.

മറ്റ് 19 ജില്ലകളില്‍ ഒന്നു മുതല്‍ മൂന്ന് പേര്‍ വരെ മരിച്ചിട്ടുണ്ട്.

ജയ്പൂരില്‍ ഭൂരിഭാഗവും മിന്നലേറ്റുള്ള മരണങ്ങളാണ്. അമീര്‍ കോട്ടക്ക് സമീപം കഴിഞ്ഞ മാസമുണ്ടായ മിന്നലില്‍ മാത്രം 11 പേര്‍ മരിച്ചു.

125 വളര്‍ത്തുമൃഗങ്ങള്‍ ഇതുവരെ ചത്തുപോയിട്ടുണ്ട്.

മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച യോഗം ചേര്‍ന്നു. മരിച്ചുവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി അശോക് ഗലോട്ട് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും.

കോട്ടയിലെ സാന്‍ഗോഡയില്‍ നിന്ന് ദുരന്തനിവാരണ സേന 150 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ സൈന്യവും സജീവമായിട്ടുണ്ട്.

ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളെയും ജീവനക്കാരെയും ദുരന്തനിവാരണ സേന സുരക്ഷിത സ്ഥാനത്തെത്തിച്ചു. അവര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെന്ന് എസ്ഡിആര്‍എഫ് കമാന്‍ഡര്‍ പങ്കജ് ചൗധരി പറഞ്ഞു. അധ്യാപകരും കുട്ടികളും അടക്കം സ്‌കൂളില്‍ 28 പേരാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരുടെ അടുത്തെത്താന്‍ കഴിഞ്ഞത്. രാവിലെ ആറു മണി മുതലാണ് കുട്ടികളെ ഓരോരുത്തരെയായി രക്ഷപ്പെടുത്താന്‍ തുടങ്ങിയത്.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ആയിരത്തോളം പേരെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടുണ്ട്. ഹഡോതിയിലാണ് കൂടുതല്‍ പേരും കുടുങ്ങിയത്. പ്രളയം കൂടുതല്‍ ബാധിച്ചതും ഇതേ പ്രദേശത്താണ്.

സാധാരണ ആഗസ്റ്റ് 6 വരെ സംസ്ഥാനത്ത് 291.49 എംഎം മഴയാണ് ലഭിക്കുക പതിവ്. ഇത്തവണ 327.21 എംഎം മഴയാണ് ലഭിച്ചത്.

ബരാന്‍, ബുന്‍ഡി, കോട്ട, സവാജ് മധൊപൂര്‍ ജില്ലകളില്‍ 60 ശതമാനം അധികം മഴ ലഭിച്ചു. ലോക് സഭാ സ്പീക്കറും കോട്ട എംപിയുമായ ഓം ബിര്‍ള പ്രദേശത്ത് വ്യോമ നിരീക്ഷണം നടത്തി.

Next Story

RELATED STORIES

Share it