മുസ്‌ലിം പോലിസുകാരുടെ താടി വടിക്കാനുള്ള ഉത്തരവ് അല്‍വാര്‍ എസ് പി പിന്‍വലിച്ചു

മതപരമായ കാരണങ്ങളാല്‍ താടി വയ്ക്കാന്‍ ആഗ്രഹിക്കുന്ന പോലിസുകാര്‍ക്ക് രാജസ്ഥാനിലെ നിയമം അതനുവദിക്കുന്നുണ്ട്.

മുസ്‌ലിം പോലിസുകാരുടെ താടി വടിക്കാനുള്ള ഉത്തരവ് അല്‍വാര്‍ എസ് പി പിന്‍വലിച്ചു

അല്‍വാര്‍: സംസ്ഥാന നിയമത്തെ മറികടന്നുകൊണ്ട് 9 മുസ്‌ലിം പോലിസുകാരോട് താടി വടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ ഉത്തരവ് അല്‍വാര്‍ എസ് പി പിന്‍വലിച്ചു. ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ എസ് പി ദേശ്മുഖ് തന്നെയാണ് തന്റെ മുന്‍ ഉത്തരവ് പിന്‍വലിച്ചത്. താടി വച്ച് ജോലി ചെയ്യുമ്പോള്‍ അത് പക്ഷപാതത്തിനു കാരണമാവുന്നുവെന്നാരോപിച്ചാണ് താടി വയ്ക്കാനുള്ള അനുമതി നിഷേധിച്ചത്.

താടി വച്ച് ജോലി ചെയ്യുമ്പോള്‍ അത് പക്ഷപാതത്തിനു കാരണമാവുന്നുവെന്ന് ഉത്തരവ് വിവാദമായ ശേഷം നടത്തിയ പത്രസമ്മേളനത്തിലും എസ് പി ന്യായീകരിച്ചിരുന്നു. ജോലി പക്ഷപാതരഹിതമായി ചെയ്തതുകൊണ്ടായില്ല, പക്ഷപാതമില്ലാത്തവരായി കാണപ്പെടുകയും വേണം- അദ്ദേഹം പറഞ്ഞു.

മതപരമായ കാരണങ്ങളാല്‍ താടി വയ്ക്കാന്‍ ആഗ്രഹിക്കുന്ന പോലിസുകാര്‍ക്ക് രാജസ്ഥാനിലെ നിയമം അതനുവദിക്കുന്നുണ്ട്. അത് പ്രകാരം 32 പോലിസുകാര്‍ക്ക് താടി വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എസ് പിയുടെ ഉത്തരവ് വന്ന ശേഷം ഒമ്പതു പേരുടെ അനുമതി പിന്‍വലിച്ചു.

പോലിസുകാര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ ഉത്തരവ് പിന്‍വലിക്കുമെന്ന് എസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പ്രത്യേക അപേക്ഷ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

യൂണിഫോമിനൊപ്പം താടിവയ്ക്കുന്നത് രാജ്യത്ത് എന്നും വലിയ വിവാദമായിരുന്നു. 2016 ല്‍ കേരളത്തില്‍ ഒരു പോലിസുകാരന്‍ റമദാന്‍ മാസത്തില്‍ താടിവയ്ക്കാന്‍ അനുമതി നല്‍കണമെന്നപേക്ഷിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. താടി വെക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമാണെന്നായിരുന്നു പരാതിക്കാരന്‍ കെ റിയാസ് വാദിച്ചത്. അതേസമയം സിഖുകാര്‍ക്ക് പോലിസിലും സൈന്യത്തിലും താടിയും തലപ്പാവും വെക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
RELATED STORIES

Share it
Top