Latest News

ദലിത് വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണം: കെകെ റൈഹാനത്ത്

ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ നല്‍കാത്തത് ദലിത് വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്

ദലിത് വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണം: കെകെ റൈഹാനത്ത്
X

തിരുവനന്തപുരം: ദലിത് വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റും ഗ്രാന്റും അധ്യയനം തുടങ്ങി മൂന്നു മാസം തികഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ലെന്നും കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ റൈഹാനത്ത്. പ്രതിമാസ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ ഫീസ്, വര്‍ഷം തോറും നല്‍കുന്ന ലംപ്‌സം ഗ്രാന്റ്, ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാ ഫീസ് അടക്കം എല്ലാ ആനുകുല്യങ്ങളും മുടങ്ങിയിരിക്കുകയാണ്. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ നല്‍കാത്തത് ദലിത് വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരമാണ് ആനുകുല്യങ്ങള്‍ മുടങ്ങാന്‍ കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ദലിത് വിദ്യാര്‍ഥികള്‍ക്ക് ആനുകുല്യങ്ങള്‍ നല്‍കിവന്നിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇഗ്രാന്റ് സോഫ്ട് വെയറിനെ കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലുമായി ബന്ധിച്ചതിനെത്തുടര്‍ന്നുണ്ടായ സാങ്കേതിക തടസ്സമാണ് പ്രതിസന്ധിയായിരിക്കുന്നതെന്നാണ് വിശദീകരണം. അതേസമയം, പട്ടിക വര്‍ഗം, ഒബിസി, ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഴയ സംവിധാനത്തിലൂടെ തന്നെയാണ് ആനുകുല്യം നല്‍കിവരുന്നത്. ആനുകുല്യം മുടങ്ങുന്നതിലൂടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ദലിത് വിദ്യാര്‍ഥികളുടെ പഠനം പെരുവഴിയിലായിരിക്കുകയാണ്. അധ്യയനം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും സാങ്കേതിക പിഴവ് പരിഹരിക്കാനായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തുക കുടിശ്ശിക ഉള്‍പ്പെടെ നല്‍കി ഉടന്‍ പ്രതിസന്ധി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും കെ കെ റൈഹാനത്ത് മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it