Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മോന്ത' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ മോന്ത ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോന്ത' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്ര തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് മൂലം ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനുള്ള വിലക്ക് വ്യാഴാഴ്ച വരെ തുടരും.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍, ചില സമയങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും കാറ്റ് വീശാനാണ് സാധ്യത.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്. 28 രാവിലെ 90 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും.

ആന്ധ്ര തീരപ്രദേശങ്ങള്‍

27 രാവിലെ മുതല്‍ കാറ്റ് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വീശും, 28 രാവിലെ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വരെയും ശക്തിപ്രാപിക്കും. 28 വൈകുന്നേരം മുതല്‍ 29 രാവിലെ വരെ 90 മുതല്‍ 100 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. തുടര്‍ന്ന് കാറ്റ് ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒഡീഷ തീരം

തെക്കന്‍ ഒഡീഷ തീരത്ത് മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്. 29 വരെ കാറ്റിന്റെ ശക്തി തുടരുമെന്നാണ് പ്രവചനം. 29ന് ശേഷം വേഗത 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കുറയാനാണ് സാധ്യത.

അറബിക്കടല്‍ പ്രദേശങ്ങള്‍

മധ്യ, തെക്ക് കിഴക്കന്‍ അറബിക്കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തമിഴ്നാട് തീരം

തമിഴ്നാട്, പുതുച്ചേരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നവര്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. ചുഴലിക്കാറ്റിന്റെ പാതയും ശക്തിയും നിരീക്ഷിച്ച് തീരപ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.



Next Story

RELATED STORIES

Share it