Latest News

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 27 മുതല്‍ തിരൂരില്‍

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 27 മുതല്‍ തിരൂരില്‍
X

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളിലായി തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടക്കും. ഭാഷാപിതാവിന്റെയും വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെയും ഭൂമികയായ തിരൂരില്‍ 24 വര്‍ഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അനുബന്ധ പരിപാടികള്‍ തിരുരിലെ വിവിധ മേഖലകളില്‍ നടന്നുവരികയാണ്. സെമിനാറുകള്‍, എക്‌സിബിഷന്‍ ,പുസ്തകോല്‍സവം, മിനി മാരത്തോണ്‍, സൈക്ലോത്തോണ്‍, മെഡിക്കല്‍ ക്യാമ്പ് , കരകൗശല പരിശീലനം, പാചക മല്‍സരം, മെഹന്തിമല്‍സരം, കലാ കായിക സാഹിത്യ മല്‍സരങ്ങള്‍, ഫിലിമോല്‍സവം, ഫ്‌ലാഷ് മോബ്, കാര്‍ഷിക വിപണനമേള, മലബാര്‍ ഗാനങ്ങള്‍ ശില്‍പശാല , ഷോര്‍ട്ട് ഫിലിം മല്‍സരം, പ്രവര്‍ത്തി പരിചയമേള, മഡ് ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍, ജലഘോഷയാത്ര, നാടകങ്ങള്‍, ഗസല്‍ വിരുന്ന്, പ്രവാസി സംഗമം, ചിത്രരചനാ മല്‍സരം, ചൂണ്ടയിടല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികളാണ് നടത്തുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും കാര്‍ഷിക സമരവും എന്ന വിഷയത്തില്‍ കര്‍ഷക സമര നായകനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പ്രാദേശിക സെമിനാരോടു കൂടി സെമിനാറുകള്‍ക്ക് തുടക്കമായി. മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക്, എം സ്വരാജ്, ജെയ്ക് സി തോമസ്, ടി പി കുഞ്ഞികണ്ണന്‍, പി പി കുഞ്ഞികണ്ണന്‍, ഡോ. അനില്‍ ചേലേമ്പ്ര , കെ എന്‍ ഗോപിനാഥന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും വിവിധ ദിവസങ്ങളിള്‍ നടക്കും.

ഡിസം. 19 ന് യൂത്ത് സാമ്പ എന്ന പേരില്‍ പൂങ്ങോട്ടുകുളത്ത് നിന്നാരംഭിച്ച് വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ സമാപിക്കുന്ന യുവജനസംഗമത്തോടെ ടൗണ്‍ ഹാളിലെ പ്രത്യേകം തയ്യാറാക്കിയ കെ.ദാമോധരന്‍ നഗറില്‍ കലാസാംസ്‌കാരിക, പരിപാടികള്‍ക്ക് തുടക്കമാകും.

20 ന് 2 മണി കോഴികോട് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന പ്രത്യേക പ്രദര്‍ശന മേള ടാണ്‍ ഹാള്‍ പരിസരത്ത് ആരംഭിക്കും. എല്ലാ ദിവസവും വിവിധ മേഖലകളിലെ പ്രഗല്‍ഭര്‍ പങ്കെടുത്ത് സെമിനാറുകള്‍ നടക്കും.

ഖദീജ മുംതാസ്, നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ.ആര്‍ ബിന്ദു, ഡോ. ഷീന ഷുക്കൂര്‍ , എംഎ ബേബി, എ വിജയരാഘവന്‍, സുനില്‍ ഇളയിടം, ഇളമരം കരീം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കും.

ഡിസംബര്‍ 27, 28, 29 എന്നീ തിയ്യതികളിലായി തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലെ സഖാവ് പി പി അബ്ദുല്ലക്കുട്ടി നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തില്‍ മുഴുവന്‍ സമയവും മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍ എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണന്‍ , പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് 26 ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പതാക, കൊടി മരപതാക ജാഥകള്‍ ആരംഭിച്ച് വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ പതാക ഉയരും.

ബിജെപിയുടെ ഫാഷിസ്റ്റ് സ്വഭാവമുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ മത നിരപേക്ഷ കക്ഷികളുടെ യോജിപ്പ് വളര്‍ത്തിയെടുക്കാനും കേരളത്തിലെ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ പിന്തുണ വര്‍ധിപ്പിക്കുന്നതിനും മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നു വരും. ഇതിനായി ഗൗരവപൂര്‍ണ്ണമുള്ള തീരുമാനങ്ങള്‍ സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ ജയന്‍, വൈസ് ചെയര്‍മാന്‍ എ ശിവദാസന്‍, ട്രഷറര്‍ അഡ്വ. പി ഹംസക്കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it