Latest News

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരാന്‍ സാധ്യത

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
X

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരാനാണ് സാധ്യത. കാനം രാജേന്ദ്രന്റെ വേര്‍പാടിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറിയാവാന്‍ പോകുന്നത്.

പ്രവര്‍ത്തന റിപോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ഇന്ന് ബിനോയ് വിശ്വം മറുപടി നല്‍കും. തുടര്‍ന്ന് പുതിയ സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തിരഞ്ഞെടുക്കും. സംസ്ഥാന എക്സിക്യൂട്ടീവിന്റെയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണുണ്ടാവുക.

75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതിനാല്‍ സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് അഞ്ച് പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ പത്തു പേര്‍ ഒഴിവാകും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, സി എന്‍ ജയദേവന്‍, വി ചാമുണ്ണി എന്നിവരാണ് ഒഴിവാകുന്ന പ്രമുഖര്‍. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി കെ കൃഷ്ണന്‍, ജെ വേണുഗോപാലന്‍ നായര്‍ എന്നിവരും പ്രായപരിധി കഴിഞ്ഞതിനാല്‍ ഒഴിവാകും. സംസ്ഥാന കൗണ്‍സിലിലേക്ക് 20 ശതമാനം പുതുമുഖങ്ങള്‍ വേണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രായപരിധിയെത്താത്ത ചിലരെയും ഒഴിവാക്കും.

സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനും പോലിസിനും സിപിഐ ദേശീയ നേതൃത്വത്തിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് കളങ്കമാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it