Latest News

കൊവിഡ് വാക്‌സിനേഷന്‍; ഇന്ത്യ ഇന്ന് നൂറ് കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കും

കൊവിഡ് വാക്‌സിനേഷന്‍; ഇന്ത്യ ഇന്ന് നൂറ് കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കും
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോള്‍ ഇന്ന് ഇന്ത്യ നൂറ് കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കും. ലോകത്തിലെ ഏറ്റവും ബ്രഹത്തായ വാക്‌സിനേഷന്‍ പ്രക്രിയയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ഈ നേട്ടം ഒരു ആഘോഷമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇതുവരെ രാജ്യത്ത് 99.7 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 10.50 നുള്ള കണക്കാണ് ഇത്. രാജ്യത്തെ 75 ശതമാനം പ്രായപൂര്‍ത്തിയായവരും ഒരു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രണ്ട് ഡോസ് വാക്‌സിനും എടുത്തവരുടെ എണ്ണം 31 ശതമാനമാണ്.

ഇനിയും വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും ചരിത്രനേട്ടത്തിന്റെ ഭാഗമാകണമെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു.

ആഘോഷപരിപാടിയുടെ ഭാഗമായി ഒരു ഗാനവും ഓഡിയോ വിഷ്വല്‍ വീഡിയോയും ആരോഗ്യവകുപ്പ് പുറത്തിറക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഗാനവും വീഡിയോയും പ്രകാശനം ചെയ്യും. റെഡ് ഫോര്‍ട്ടിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. കൈലാഷ് ഖെര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏറ്റവും ഭാരമേറിയ ദേശീയ പതാകയും ഇന്ന് റെഡ് ഫോര്‍ട്ടില്‍ ഉയര്‍ത്തും. 1,400 കിലോഗ്രാമാണ് പതാകയുടെ ഭാരം.

നൂറ് കോടി പൂര്‍ത്തിയായ വിവരം രാജ്യത്തെ എല്ലാ ട്രയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും അനൗണ്‍സ് ചെയ്യും. രാജ്യത്താകമാനം പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തും.

രാജ്യത്ത് ഒരു സെക്കന്‍ഡില്‍ 700 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം നൂറ് കോടി വാക്‌സിന്‍ ആരാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കളോട് ബിജെപി പാര്‍ട്ടി മേധാവി ജെ പി നദ്ദ ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ദുഷ്യന്ദ് ഗൗതം ലഖ്‌നോവിലും സന്ദര്‍ശിക്കും.

കഴിഞ്ഞ മാസം മോദിയുടെ ജന്മദിനം പ്രമാണിച്ച് ഒരു ദിവസം കൊണ്ട് 2.5 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. അതേകുറിച്ച് നിരവധി ആരോപണങ്ങളും ഉണ്ടായിരുന്നു. എണ്ണം കൃത്രിമായി സൃഷ്ടിച്ചുവെന്നായിരുന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ മരിച്ചവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സംഭവം പോലുമുണ്ടായി.

Next Story

RELATED STORIES

Share it