Latest News

പ്രവാസികള്‍ക്ക് നിര്‍ബന്ധ കൊവിഡ് പരിശോധന: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

പ്രവാസികള്‍ക്ക് നിര്‍ബന്ധ കൊവിഡ് പരിശോധന: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം
X

കോഴിക്കോട്: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടി കൊവിഡുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം. അന്താരാഷ്ട്ര യാത്രക്കാര്‍ക്കും അഭ്യന്തര യാത്രക്കാര്‍ക്കും വിമാനം കയറുന്ന സ്ഥലത്തു നിന്ന് കൊവിഡ് ടെസ്റ്റ് വേണമെന്ന് ഇതു സംബന്ധിച്ചുള്ള മാനദണ്ഡത്തില്‍ പറയുന്നില്ല. കൊവിഡിന്റെ പേരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി മലക്കം മറിഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് വിമാന യാത്രക്കാര്‍ക്ക് മേല്‍ ഇത്തരം നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. വ്യോമയാന വകുപ്പാണ് ഇതിന് അന്തിമ തീരുമാനമെടുക്കേണ്ടത്.

വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ ആവശ്യത്തിന് ലഭ്യമാകാത്തതുകൊണ്ടാണ് ഗള്‍ഫിലെ പ്രവാസി സംഘടനകളായ കെ.എം.സി.സി., ഐ.സി.എഫ്, ഒ.ഐ.സി.സി., നവോദയ തുടങ്ങിയ സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്ന ദൗത്യവുമായി രംഗത്തിറങ്ങിയത്. ലോകാരോഗ്യസംഘടന ലോകത്തിലെ വിവിധ ആരോഗ്യ പരിപാലന സംഘടനകളും വ്യോമയാന സുരക്ഷാ ഏജന്‍സികളുമായി കൂടിയാലോചിച്ചതിന് ശേഷം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് കേരള സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. മലയാളികളായ പ്രവാസികള്‍ക്ക് മാത്രമാണ് കൊവിഡ് ടെസ്റ്റ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്. മറ്റ് സംസ്ഥാനങ്ങളിലുള്ള പ്രവാസികള്‍ യാത്ര ചെയ്യുമ്പോള്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമല്ല. വിമാനത്താവളങ്ങളില്‍ വെച്ച് കൊവിഡുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന മുമ്പേ നടക്കുന്നുണ്ട്. വിദേശങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ കേരളത്തിലെ എയര്‍ പോര്‍ട്ടുകളില്‍ എത്തുമ്പോള്‍ ഇവിടെ നിന്ന് സര്‍ക്കാര്‍ ചെലവില്‍ വിശദമായ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഭക്ഷണത്തിനോ വാടക നല്‍കാനോ കയ്യില്‍ പണമില്ലാതെ തൊഴില്‍രഹിതരായ പ്രവാസികളെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരേണ്ടത്. എമിറേറ്റ്‌സ് എയര്‍ലൈന്‍, സൗദി എയര്‍ലൈന്‍, ഇത്തിഹാദ് എയര്‍ലൈന്‍, ഖത്തര്‍ എയര്‍ലൈന്‍ തുടങ്ങിയ വിദേശ വിമാനകമ്പനികളെല്ലാം ജൂലൈ 1 മുതല്‍ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ച് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കരാര്‍ അനുസരിച്ച് ആഴ്ചയില്‍ 3 ലക്ഷം സീറ്റുകള്‍ ഗള്‍ഫ് ഇന്ത്യ സെക്ടറില്‍ ലഭ്യമാണ്. വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ ഇന്ത്യാ ഗവമെന്റ് ഉടനെ അനുമതി നല്‍കണം. കൊവിഡിന്റെ പേരില്‍ വിദേശ വിമാന സര്‍വ്വീസുകള്‍ അന്തമായ നീട്ടി കൊണ്ടുപോകുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും- പ്രസ്താവനയില്‍ പറയുന്നു.

ഏതാണ്ട് 6 ലക്ഷത്തോളം പ്രവാസികള്‍ ഗള്‍ഫില്‍ നിന്നും തിരിച്ച് വരാനുണ്ട്. 3 ലക്ഷത്തോളം പ്രവാസികള്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്കും പോകാനുണ്ട്. വന്ദേഭാരത് മിഷന്‍ വിമാനങ്ങളും െ്രെപവറ്റ് ചാര്‍ട്ടേഡ് വിമാനങ്ങളും മാത്രം നിലവിലുള്ള അടിയന്തിര സര്‍വ്വീസിന് രംഗത്തിറങ്ങിയാല്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. പൂര്‍ണമായും തൊഴില്‍ നഷ്ടപ്പട്ട് ജീവിക്കാന്‍ ഗതിയില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഗള്‍ഫിലുണ്ടെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറത്തിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

വിമാനടിക്കറ്റിന് പണം വാങ്ങുന്നത് നീതീകരിക്കാന്‍ കഴിയാത്ത വസ്തുതയാണ്. എയര്‍പോട്ടിലെ യൂസര്‍ ചാര്‍ജ്ജ് അടക്കമുള്ള തുക ഇളവ് നല്‍കാന്‍ സര്‍ക്കാറിന് തീരുമാനിക്കാമായിരുന്നു.പകരം വന്ദേഭാരത് വിമാനങ്ങളും അമിതമായ ചാര്‍ജ്ജുകള്‍ ഈടാക്കിയാണ് ദരിദ്രരായ പ്രവാസികളെ നാട്ടിലെത്തിക്കുന്നത്.ഇന്ത്യന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ പേരില്‍ കോടിക്കണക്കിന് രൂപ വിദേശങ്ങളിലെ ഇന്ത്യന്‍ നയതന്ത്രാലയങ്ങളില്‍ കെട്ടി കിടക്കുന്നുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി പ്രവാസികള്‍ കെട്ടി വെച്ച കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ ഖജനാവിലുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ഗള്‍ഫ് പ്രവാസികളെയും വിദേശത്ത് കഴിയുന്ന പ്രവാസികളെയും മരിച്ചുവീഴുതിനു മുമ്പെ നാട്ടിലെത്തിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളായ പി എ ഹംസയും പ്രസിഡന്റ് കെ എം ബഷീറും അറിയിച്ചു.

വിദേശവിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കണമൊവശ്യപ്പെട്ടുകൊണ്ടും ഗള്‍ഫിലെ മലയാളി പ്രവാസികള്‍ക്ക് മാത്രം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്‌കൊണ്ടും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത്ഷാ, വിദേശകാര്യ മന്ത്രി ജയശങ്കര്‍, വ്യോമയാന വകുപ്പ്മന്ത്രി ഹര്‍ദീപ് സിംഗ്പൂരി, വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ മുതലായവര്‍ക്ക് നിവേദനം നല്‍കിട്ടുണ്ട്.

Next Story

RELATED STORIES

Share it