Latest News

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

ഡിഎംഒമാര്‍ മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. തടസമില്ല. മഹാമാരി സമയത്ത് ഭീതിജനകമായ കാര്യങ്ങള്‍ ആലോചിക്കാതെ പറയരുതെന്നും മന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്
X

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കൊവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൊവിഡ് പോസിറ്റീവായവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ചു വരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാത്തത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുണ്ട്. ഇപ്പോള്‍ റഷ്യയില്‍ നിന്നു വരുന്ന യാത്രക്കാരേയും പരിശോധിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

അട്ടപ്പാടി സന്ദര്‍ശനം ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായിരുന്നു. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ല. തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അത്. അങ്കണവാടികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എങ്ങനെയാണെന്ന് ഊരുകളില്‍ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ആരോഗ്യവകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും ഒരേപോലെ ഉത്തരവാദിത്തമുള്ള മേഖലയാണതെന്നും മന്ത്രി വ്യക്തമാക്കി.

ഊരുകളിലെ ഗര്‍ഭിണികള്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം സംസാരിച്ചു. വകുപ്പുകളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്യേണ്ടതുണ്ട്. പിന്നീട് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയ വാദങ്ങളോട് പ്രതികരിക്കാന്‍ താനുദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിയെന്ന നിലയില്‍ തന്റേതാണ്. അത് നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇനിയും ഇത്തരം സന്ദര്‍ശനങ്ങള്‍ ഉണ്ടാകും. അട്ടപ്പാടിക്കായി ഒരു പ്രത്യേക ഇടപെടല്‍ പദ്ധതിക്ക് രൂപം നല്‍കുകയാണ് സര്‍ക്കാര്‍. 426 ഓളം ഗര്‍ഭിണികള്‍ നിലവില്‍ അട്ടപ്പാടി മേഖലയിലുണ്ട്. അതില്‍ 218പേര്‍ ആദിവാസി വിഭാഗത്തിലും അതില്‍ 191 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരുമാണ്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തിഗത പരിചരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡി.എം.ഒ.മാര്‍ മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. തടസമില്ല. മഹാമാരി സമയത്ത് ഭീതിജനകമായ കാര്യങ്ങള്‍ ആലോചിക്കാതെ പറയരുതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it