Latest News

കൊവിഡ്: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; വിവാഹ-മരണാനന്തരചടങ്ങുകളില്‍ 200പേര്‍ക്ക് പങ്കെടുക്കാം

സ്‌കൂളുകളിലെത്തുന്ന കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി

കൊവിഡ്: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; വിവാഹ-മരണാനന്തരചടങ്ങുകളില്‍ 200പേര്‍ക്ക് പങ്കെടുക്കാം
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. അടച്ചിട്ട ഹാളില്‍ 100 പേരെ അനുവദിക്കും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്ക് അടച്ചിട്ട മുറികളില്‍ നൂറു പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം.

ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ജനറല്‍ വര്‍ക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എന്‍ജിനീയറിങ് ഡ്രോയിംഗില്‍ പ്രാക്ടിക്കല്‍ ക്ലാസ്സ് നല്‍കുന്നതിനും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കും. 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എസ്.ക്യൂ.എഫ്. സ്‌കൂള്‍തല പ്രായോഗിക പരിശീലനം നല്‍കുന്നതിനും പ്രാഥമിക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നതിനും അനുവാദം നല്‍കും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആരംഭിക്കാം.

കൊവിഡേതര വൈറസുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി ഉണ്ടാക്കുന്ന അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ രക്ഷിതാക്കള്‍ കണക്കിലെടുക്കരുത്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായ വിതരണം ഓണ്‍ലൈനായി ശനിയാഴ്ചയോടെ നിലവില്‍ വരും.

ആരോഗ്യമേഖലയില്‍ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, വീണാജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത്, വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it