Latest News

ലാത്തിയിലൊതുങ്ങുന്ന മലപ്പുറത്തെ കൊവിഡ് പ്രതിരോധങ്ങള്‍

ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിക്കുകയല്ല. മറിച്ച് വ്യക്തമായ വിവേചനം പതിവ് പോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജില്ല നേരിടുന്നു എന്നതാണ് വസ്തുത

ലാത്തിയിലൊതുങ്ങുന്ന മലപ്പുറത്തെ കൊവിഡ് പ്രതിരോധങ്ങള്‍
X

ഇര്‍ഷാദ് മൊറയൂര്‍

കൊവിഡ് മലപ്പുറം ജില്ലയെ വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരു വശത്ത് രോഗ്യവ്യാപനം നടന്ന് ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ മറുവശത്ത് അതിന്റെ പേരില്‍ തന്നെ ട്രിപ്പിള്‍ ലോക് ഡൗണ്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്ത് ഭരണകൂടം കൂടി മലപ്പുറം ജനതയെ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ്. മലപ്പുറം ജില്ലയോടൊപ്പം ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളിലൊക്കെ അത് പിന്‍വലിച്ചപ്പോഴും മലപ്പുറത്ത് മാത്രമായി കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നു.

ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിക്കുകയല്ല. മറിച്ച് വ്യക്തമായ വിവേചനം പതിവ് പോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജില്ല നേരിടുന്നു എന്നതാണ് വസ്തുത. കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് എത്രത്തോളമുണ്ട് എന്ന് നമുക്ക് കൂടുതല്‍ വ്യക്തമാകും. അതില്‍ പ്രധാനപ്പെട്ട ഒന്ന് വാക്സിനേഷനാണ്.

കൊവിഡിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ തന്നെ പറയുന്നതില്‍ പ്രധാനം വാക്സിനേഷന്‍ കാര്യക്ഷമമാക്കുക എന്നതാണ്. 48 ലക്ഷമാണ് മലപ്പുറം ജില്ലയിലെ ജനസംഖ്യ. ഈ സമയം വരെ വാക്‌സിന്‍ എടുത്തത് 6,66944 (6.66ലക്ഷം) പേരാണ്. കൃത്യമായി പറഞ്ഞാല്‍ 13.85% ജനങ്ങള്‍ക്കാണ് വാക്സിന്‍ എടുത്തത്. ഇത് സംസ്ഥാനത്ത് ആകെ വാക്സിന്‍ എടുത്തവരുടെ 7.59 ശതമാനം മാത്രമാണ്. എന്നാല്‍ 33 ലക്ഷം ജനങ്ങളുള്ള തിരുവനന്തപുരത്ത് 10.47 ലക്ഷം ആളുകള്‍ക്ക് (31.74 ശതമാനം) വാക്സിന്‍ നല്‍കിയിട്ടുണ്ട്. അത്ര തന്നെ ജനങ്ങളുള്ള എറണാകുളത്തും 29.60 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 30 ലക്ഷം വീതം ജനസംഖ്യയുള്ള തൃശൂരും കോഴിക്കോടും 25 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ഇനി കൊവിഡ് രോഗികളുടെ കണക്ക് കൂടി നോക്കാം. മലപ്പുറത്ത് നിലവിലുള്ള രോഗികള്‍ 43910 ആണ്. ഇത് തിരുവനന്തപുരത്ത് 17009, എറണാകുളം 39824 തൃശ്ശൂര്‍ 14038, കോഴിക്കോട് 21185 എന്നിങ്ങനെയുമാണ്. അപ്പോള്‍ വാക്സിന്‍ കൊടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്? മറ്റൊന്ന് ഇത്രയും രോഗികളും ടി.പി.ആറും ഉള്ള ജില്ലയിലെ ആകെയുള്ളത് 101 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ്. അതില്‍ ഒരു ദിവസം ശരാശരി 60 കേന്ദ്രങ്ങളിലാണ് വിതരണം നടക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് 140, എറണാകുളം 95 കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്ത് ശരാശരി ഓരോ ദിവസവും പതിനായിരത്തോളം ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ട്. എറണാകുളത്തും തൃശൂരും 2500ന് മുകളിലും നല്‍കുന്നുണ്ട്. എന്നാല്‍ മലപ്പുറത്ത് ഇത് 1500ല്‍ താഴെയാണ്.

ജനസാന്ദ്രതയേറിയ ജില്ലയില്‍ വ്യാപനം നടക്കുക സ്വാഭാവികമാണ്. എന്നാല്‍, അതിന് പോലീസ് പരിശോധന കര്‍ശനമാക്കിയത് കൊണ്ടോ മലപ്പുറത്തെ ജനങ്ങളെ വളഞ്ഞിട്ട് തല്ലിയത് കൊണ്ടോ കാര്യമില്ല. ഇവിടെ നടക്കേണ്ടത് കൂടുതല്‍ വാക്സിന്‍ നല്‍കുക എന്നാണ്. അതിന് കൂടുതല്‍ സെന്ററുകളും ഡോസുകളും ലഭിക്കേണ്ടതുണ്ട്. ഞങ്ങള്‍ അനര്‍ഹമായി ഒന്നും ചോദിക്കുന്നില്ല. അര്‍ഹമായതെങ്കിലും കിട്ടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടു പോകില്ലായിരുന്നു. ആരോഗ്യ സംവിധാനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മലപ്പുറത്ത് പിഴവുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ട്രിപ്പില്‍ ലോക്കിടുന്നതിലും അത് പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്നതിനും ഒരു അലംഭാവവും ഉണ്ടായിട്ടില്ല. അത് കണ്ടാല്‍ മലപ്പുറത്തിനുള്ള കൊവിഡ് വാക്സിന്‍ ലാത്തിയടിയാണെന്ന് കരുതിപ്പോകും

മറ്റൊന്ന് ചികിത്സയുമായി ബന്ധപ്പെട്ടാണ്. വെന്റിലേറ്റര്‍ ലഭിക്കാതെ ഒരു സഹോദരി മരണമടഞ്ഞിട്ടു അധികനാള്‍ ആയിട്ടില്ല. കാര്യങ്ങള്‍ ഈ നിലക്കാണ് പോകുന്നതെങ്കില്‍ സ്ഥിതിഗതികള്‍ ഇതിലും ദയനീയമാകും. അതിനായി അടിയന്തര പ്രധാന്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കൊവിഡ് സെന്ററുകള്‍ ആരംഭിക്കേണ്ടതുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി മാത്രമാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. അല്ലെങ്കില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചിരുന്ന പാവപ്പെട്ടവരുടെ ചികിത്സക്ക് സര്‍ക്കാര്‍ മാര്‍ഗം കാണണം. മലപ്പുറത്ത് മാത്രമാണ് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഓക്സിജന്‍, വെന്റിലേറ്റര്‍, കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാം സജ്ജമാക്കിയെ മതിയാകൂ. സംസ്ഥാന ശരാശരി 650 പേര്‍ക്ക് ഒരു കിടക്ക എന്നാണ്. എന്നാല്‍ മലപ്പുറത്തിത് 1314 ആണ്. ജില്ല നേരിടുന്ന പ്രതിസന്ധി എത്രത്തോളമുണ്ടെന്നറിയാന്‍ ഇത്രയും തന്നെ ധാരാളമാണ്.

കൊട്ടിഘോഷിച്ചു പേര് മാറ്റിവെച്ച മഞ്ചേരി മെഡിക്കല്‍ കോളേജിന് 23 കോടിയോളം രൂപ മലപ്പുറത്ത് നിന്നും പിരിവെടുത്തിട്ടുണ്ട്. പയ്യനാട് സ്റ്റേഡിയത്തിനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പിരിവ് നടന്നിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാറിന് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്ന ഡയാലിസിസ് സെന്ററുകളടക്കം മലപ്പുറത്തെ മക്കളുടെ വിയര്‍പ്പിന്റെ അംശമാണ്. അല്ലാതെ സര്‍ക്കാറിന്റെ കനിവായിരുന്നില്ല. അടുത്ത ചലഞ്ച് കളക്ടറുടെ വക ആരംഭിച്ചിട്ടുണ്ട്. ഇതായിരുന്നു തീര്‍ത്തും വിവേചനം നിറഞ്ഞ 'മലപ്പുറം മോഡല്‍ വികസന' മെന്ന് മലപ്പുറത്തുകാരെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചതാണ്. മറ്റുള്ള ജില്ലക്കാര്‍ കൊടുക്കുന്ന അതേ നികുതിപ്പണമാണ് നമ്മളും നല്‍കുന്നത് നമ്മളെങ്കിലും ഓര്‍ത്തുവെക്കുന്നത് നല്ലതാണ്.

മലപ്പുറം ജില്ല വിഭജിക്കണമെന്ന മലപ്പുറം ജനതയുടെ ആവശ്യത്തോട് ജനപ്രിതിനിധികള്‍ പുറം തിരിഞ്ഞു നിന്നത് കൊണ്ടാണ് ഇതിലധികവും നാം അനുഭവിക്കേണ്ടി വന്നത്. രണ്ടു ജില്ലയായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധികളുടെ ആഴം നമുക്ക് ഒരുപാട് കുറക്കാമായിരുന്നു. അതെങ്ങനാ.. ജില്ല വിഭജിക്കുന്നത് വലിയ തീവ്രവാദ പ്രവര്‍ത്തനമാണെന്ന മട്ടിലാണ് ഇപ്പോഴും ചിലരുള്ളത്.

പറഞ്ഞു വന്നത്, ഏറ്റവും കൂടുതല്‍ ജനസംഖ്യയും കൊവിഡ് രോഗികളും ഉയര്‍ന്ന ടി.പി.ആറുമുള്ള ജില്ലക്ക് വേണ്ട ഒരു പരിഗണനയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അത് നല്‍കുന്നില്ലെങ്കില്‍ ചോദിച്ചു വാങ്ങേണ്ടത് ജില്ലയിലെ ജനപ്രതിനിധികളുടെ കൂടി ബാധ്യതയാണെന്നു മറന്നു പോകരുത്. ഏതെങ്കിലും ആളുകള്‍ പുറത്തിറങ്ങുന്നുണ്ടോ എന്നും നോക്കി അവരുടെ മേല്‍ കുതിര കയറിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. എല്ലാ സമയത്തും ഞങ്ങളെ പറ്റിച്ച ഈ 'മലപ്പുറം മോഡല്‍' നാടകമൊക്കെ വെറും പുകയാണെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

Next Story

RELATED STORIES

Share it