Latest News

കൊവിഡ് 19: സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാനൊരുങ്ങി കര്‍ണാടക

ബംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന് വെക്കാനൊരുങ്ങുന്നത്.

കൊവിഡ് 19: സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാനൊരുങ്ങി കര്‍ണാടക
X

ബംഗളൂരു : കൊവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന് വെക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിവധ വകുപ്പുകളുമായി ചര്‍ച്ച നടത്തി. ബംഗളൂരുവില്‍ 12,000 കോര്‍ണര്‍ സൈറ്റുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടെന്നാണ് കണക്ക്. 2.37 കോടിയുടെ ബജറ്റാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടക അവതരിപ്പിച്ചത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 11,215 കോടിയുടെ കുറവാണുണ്ടായത്. അതേസമയം ശമ്പളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ്, പലിശ എന്നിവക്കായി 10000 കോടിയെങ്കിലും അധികം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ബംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വെച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്ന വാദം. അതിനായി പ്ലോട്ടുകള്‍ തിരിച്ചറിയാന്‍ വികസന അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടു. അവര്‍ക്ക് നല്ല വില ലഭിക്കുകയാണെങ്കില്‍ മാത്രമേ ലേലം നടത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പ്രശ്നം കോടതിയുടെ പരിഗണനയിലാണ്. സ്വകാര്യ, സഹകരണ ഭവന സൊസൈറ്റികളിലെ സൈറ്റുകള്‍ അനുവദിക്കുന്നതിനുള്ള നിയമഭേദഗതിയിലൂടെ നൂറുകണക്കിന് വീട്ടുകാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനാകും. കര്‍ഷകര്‍ക്ക് പണം നല്‍കാനുള്ള പഞ്ചസാര മില്ലുടമകളോട് എത്രയും വേഗം കൊടുത്ത് തീര്‍ക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചത്തെ കാറ്റില്‍ 45 കോടിയുടെ വിളനാശമാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it