Latest News

കൊവിഡ് 19 ആശങ്ക പെരുകുന്നു: രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

കൊവിഡ് 19 ആശങ്ക പെരുകുന്നു: രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് നിരവധി ആഴ്ചകള്‍ പിന്നിടുമ്പോള്‍ രോഗവ്യാപനത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളി. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് 85,215 കൊറോണ വൈറസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇത് 82,933 ആണ്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

എങ്കിലും കൊവിഡ് രോഗം മൂലമുള്ള മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് 3.3 ശതമാനമാണെങ്കില്‍ ചൈനയില്‍ അത് 5.5 ശതമാനമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 27,000ത്തില്‍ അധികം പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടും, 44 ലക്ഷത്തിലധികം ആളുകളെ കൊറോണ വൈറസ് ബാധിച്ചിരുന്നു. ലോകത്തെ കൊറോണ രോഗികളില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. റഷ്യ, യുകെ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ലോകത്ത് ഇതുവരെ 3 ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ 87,218 പേര്‍ മരിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമായ കിഴക്കന്‍ നഗരമായ വുഹാനില്‍ ചില പുതിയ കേസുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ചൈനയില്‍ ആകെ ഇപ്പോഴും 100ല്‍ താഴെ ആളുകള്‍ക്കു മാത്രമേ രോഗബാധയുളളൂ. രണ്ടാം ഘട്ടത്തില്‍ രോഗബാധ വളരെ കുറവാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ നിന്ന് ഇപ്പോള്‍ ചൈന മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല രാജ്യങ്ങളും ഇപ്പോഴും ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. വൈറസ് വീണ്ടും വ്യാപിച്ചേക്കുമോ എന്ന ആശങ്കയും വ്യാപകമാണ്.

ഇന്ത്യയില്‍ വലിയ നഗരങ്ങളെയാണ് കൊവിഡ് ഏറ്റവും മാരകമായി ബാധിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയാണ് ഏറ്റവും ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോകുന്നത്. ഇതുവരെ അവിടെ 29,100 പേര്‍ക്ക് രോഗം ബാധിച്ചു. 1,068 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 10,000 പേര്‍ക്ക് രോഗബാധയുണ്ടായി. 434 പുതിയ കേസുകള്‍. ഗുജറാത്തില്‍ 340 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 9,932.

Next Story

RELATED STORIES

Share it