Latest News

'ചണ്ഡീഗഡ് തട്ടിയെടുക്കാനുള്ള ഗൂഢാലോചന': കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പഞ്ചാബ്; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ചണ്ഡീഗഡ് തട്ടിയെടുക്കാനുള്ള ഗൂഢാലോചന: കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പഞ്ചാബ്; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
X

ചണ്ഡീഗഡ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ്. പഞ്ചാബിന്റെ ദീര്‍ഘകാല അവകാശവാദത്തെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ എന്നിവര്‍ ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.

ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന 2025 ലെ ഭരണഘടന (131ാം ഭേദഗതി) ബില്ല്, ചണ്ഡീഗഡിനായി നിയമങ്ങള്‍ നിര്‍മ്മിക്കാനും സ്വതന്ത്ര ഭരണാധികാരികളെ നിയമിക്കാനും പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ്.

പാര്‍ലമെന്റ് ബുള്ളറ്റിന്‍ അനുസരിച്ച്, ചണ്ഡീഗഢിനെ നിയമസഭകളില്ലാത്ത മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു, പുതുച്ചേരി എന്നിവയുമായി യോജിപ്പിക്കുക എന്നതാണ് ബില്ല് ലക്ഷ്യമിടുന്നത്.

സര്‍ക്കാരിന്റെ ഈ തീരുമാനം കടുത്ത അനീതിയാണെന്നും എന്‍ഡിഎ സര്‍ക്കാര്‍ പഞ്ചാബിന്റെ തലസ്ഥാനം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പ്രതാപ് സിംഗ് ബജ്വ ഇതിനെതിരേ ശക്തമായ പോരാട്ടം നടത്താന്‍ ആഹ്വാനം ചെയ്തു. വിഷയത്തില്‍, പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ് രാജ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. സ്ഥിതിഗതികള്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ചു. ചണ്ഡീഗഡ് പഞ്ചാബിന്റേതാണെന്നും അത് തട്ടിയെടുക്കാനുള്ള ഏതൊരു ശ്രമവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it