Latest News

റോഡ് പണി ഇഴയുന്നു; മാളയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉപരോധിച്ചു

മാള, പുത്തന്‍ചിറ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തി നിര്‍മ്മാണത്തിന് തടസ്സം നില്ക്കുന്നതായി ആരോപിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്

റോഡ് പണി ഇഴയുന്നു; മാളയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉപരോധിച്ചു
X

സലിം എരവത്തൂര്‍

മാള: മാള പുത്തന്‍ചിറ റോഡിന്റെ നിര്‍മ്മാണത്തില്‍ കാലതാമസം വരുത്തുന്നതായി ആരോപിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മാള എംഎല്‍എ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഹൈവേ വിഭാഗം കൊടുങ്ങല്ലൂര്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിനി, പറവൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ശാലിനി എന്നിവരെയാണ് തടഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളായ സോയ് കോലഞ്ചേരി, ജോഷി പെരേപ്പാടന്‍, ദിലീപ് പരമേശ്വരന്‍, ടി കെ ജിനേഷ്, വിനോദ് വിതയത്തില്‍, വിത്സന്‍ കാഞ്ഞൂത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.

മാള, പുത്തന്‍ചിറ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തി നിര്‍മ്മാണത്തിന് തടസ്സം നില്ക്കുന്നതായി ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. നിര്‍മ്മാണത്തിനായി 12 കോടി രൂപ കേന്ദ്രഫണ്ട് അനുവദിച്ചിട്ടും വര്‍ഷങ്ങളായി റോഡ് തകര്‍ന്നുതന്നെ കിടക്കുകയാണ്. 12 കിലോമീറ്റര്‍ റോഡിലൂടെ കാല്‍നട യാത്ര പോലും അസാധ്യമായിരിക്കയാണ്. കോണ്‍ട്രാക്റ്റര്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് ചെയ്തു നല്‍കേണ്ട പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് നേതാക്കള്‍ ആരോപിച്ചു.

ഇന്നലെ എംഎല്‍എ ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പുറത്തുവന്ന ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞത്. ഈ സമയം ഓഫീസില്‍ എംഎല്‍എ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ പറവൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ സമരക്കാരുമായി ചര്‍ച്ച നടത്താമെന്ന പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it