Latest News

അല്‍ഖാഇദ നേതാവ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം

അല്‍ഖാഇദ നേതാവ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം
X

ടെഹ്‌റാന്‍: അല്‍ഖാഇദയുടെ നേതൃനിരയിലെ രണ്ടാമനായ അബ്ദുല്ല അഹമ്മദ് അബ്ദുല്ല കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട് മൂന്ന് മാസത്തിനുശേഷമാണ് മരണം സ്ഥിരീകരിക്കപ്പെടുന്നത്. ആഗസ്റ്റ് 7ന് ടെഹ്‌റാനില്‍ തെരുവിലൂടെ നടന്നുപോകുന്നതിനിടയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെയും കൂടെയുണ്ടായിരുന്ന മകള്‍ മിരിയത്തെയും കൊലപ്പെടുത്തിയത്. അബ്ലുല്ല അഹമ്മദ് അബ്ദുല്ല സൈനിക വൃത്തങ്ങളില്‍ അബു മുഹമ്മദ് അല്‍ മിസ്രി എന്നാണ് അറിയപ്പെടുന്നത്.

1998ല്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുഎസ് എംബസി ആക്രമിച്ചതിന്റെ സൂത്രധാരനായി കരുതപ്പെടുന്നയാളാണ് അല്‍ മിസ്രി. ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഒസാമാ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മിരിയ.

കൊലപാതകം ആസൂത്രണം ചെയ്തതില്‍ അമേരിക്കക്ക് പ്രത്യേകിച്ച് പങ്കൈാന്നുമില്ലെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി അവകാശപ്പെടുന്നത്. അല്‍ മിശ്രി കൊല്ലപ്പെട്ട വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നെങ്കിലും ആരും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അല്‍ഖാഈദയും മരണം സ്ഥിരീകരിക്കാത്തത് നിരവധി സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. അതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. മരണം ടെഹ്‌റാനില്‍ വച്ചായിട്ടും ഇറാനും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല.

58 വയസ്സുള്ള അല്‍ മിസ്രി അല്‍ഖാഇദയുടെ സ്ഥാപക നേതാവാണ്. ഇപ്പോഴത്തെ മേധാവി അയ്മന്‍ അല്‍ സവാഹരി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് അല്‍ മിസ്രിയുടെ സ്ഥാനം.

കുറേകാലമായി എഫ്ബിഐയുടെ മോസ്റ്റ് വാണ്‍ട്ടഡ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. കെനിയയിലെ യുഎസ് എംബസി, താന്‍സാനിയയിലെ യുഎസ് എംബസി എന്നിവ ആക്രമിച്ചതിനു പിന്നില്‍ അല്‍ മിസ്രിയാണെന്ന് കരുതുന്നു.

Next Story

RELATED STORIES

Share it