Latest News

പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ കത്ത്; മേയര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ കത്ത്; മേയര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
X

തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ച വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ എസ് അഖിലാണ് പരാതി നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്വജനപക്ഷപാതം കാട്ടിയെന്നും മേയര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മുനിസിപ്പാലിറ്റീസ് ചട്ടം 143 അനുസരിച്ചാണ് ആര്യ രാജേന്ദ്രന്‍ കൗണ്‍സിലറും മേയറുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയോട് പൂര്‍ണവിശ്വസവും ആദരവും നിലനിര്‍ത്തുമെന്നും പക്ഷപാതിത്വം പാലിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മേയര്‍, പാര്‍ട്ടിക്കാരുടെ നിയമനത്തിനായി പാര്‍ട്ടി നേതാവിന് കത്ത് നല്‍കി. ഇത് സത്യപ്രതിജ്ഞാ സംഘനമാണ്.

അതിനാല്‍, മേയര്‍ക്ക് ആ പദവിയില്‍ മാത്രമല്ല, കൗണ്‍സിലറായി തുടരാനും അര്‍ഹതിയില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ കൗണ്‍സിലറാണ് പരാതി നല്‍കിയത്. രണ്ടുവര്‍ഷംകൊണ്ട് നടന്ന ആയിരത്തിലധികം താല്‍ക്കാലിക നിയമനങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. താല്‍ക്കാലിക നിയമനങ്ങളില്‍ കോടികളുടെ അഴിമതി നടന്നെന്നും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് പരാതി. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്തുവന്നത്. ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പരസ്യമായി പ്രചരിപ്പിച്ചതോടെയാണ് വിവരം പരസ്യമായത്. എന്നാല്‍, ഇത്തരത്തിലൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. വ്യാജ കത്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കത്ത് അയച്ച സംഭവം നിഷേധിച്ച് മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്തുവന്നു. കത്തയച്ച തിയ്യതികളില്‍ തിരുവനന്തപുരത്തില്ലായിരുന്നുവെന്നാണ് മേയര്‍ പറയുന്നത്.

Next Story

RELATED STORIES

Share it