Latest News

സിബിഐ അന്വേഷണം വേഗത്തിലാക്കാന്‍ ഇടപെടും; ഫാത്വിമ ലത്തീഫിന്റെ പിതാവിന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

ചെന്നൈ ഐഐടി വിദ്യാര്‍ഥിയായിരുന്ന കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്വിമ ലത്തീഫ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. സിബിഐ അന്വേഷണം തുടങ്ങി 21 മാസമായിട്ടും മൊഴി എടുപ്പ് മാത്രമാണ് നടക്കുന്നത്.

സിബിഐ അന്വേഷണം വേഗത്തിലാക്കാന്‍ ഇടപെടും;  ഫാത്വിമ ലത്തീഫിന്റെ പിതാവിന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ഥി ഫാത്വിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ ഇടപെണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഇത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി സന്ദര്‍ശന ശേഷം പിതാവ് അബ്ദുല്‍ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ പുരോഗതി നോക്കി പ്രധാനമന്ത്രിക്ക് കത്ത് അയക്കേണ്ടതുണ്ടെങ്കില്‍ അയക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം ആരംഭിച്ച് ഏറെ നാളായെങ്കിലും അന്വേഷണപുരോഗതിയെ സംബന്ധിച്ച് ഒരുവിവരവുമില്ലെന്ന് പിതാവ് പറഞ്ഞു.

ചെന്നൈ ഐഐടി വിദ്യാര്‍ഥിയായിരുന്ന കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്വിമ ലത്തീഫ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. ഫാത്വിമയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി 21 മാസമായിട്ടും മൊഴി എടുപ്പ് മാത്രമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം കാര്യക്ഷമമാക്കാന്‍ ഇടപെടല്‍ തേടി ഫാത്വിമയുടെ പിതാവ് ലത്തീഫ് ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.

ഇതേ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണാനും ലത്തീഫിന് സമയം അനുവദിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അത് മാറ്റിവയ്ക്കണമെന്ന് ലത്തീഫ് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം മാറ്റി നല്‍കുന്ന മുറയ്ക്ക് ഇന്നോ നാളെയോ ലത്തീഫ് ചെന്നൈയിലേക്ക് പോയേക്കും.

2019 നവംബര്‍ 9ന് ആണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്വിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകരാണെന്ന് വ്യക്തമാക്കി മൊബൈല്‍ ഫോണില്‍ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു.

ഫാത്വിമ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. തമിഴ്‌നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഫാത്വിമയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി അഭ്യന്തര സമിതി റിപോര്‍ട്ട് നല്‍കിയത്. മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം ആത്മഹത്യക്ക് കാരണമായെന്നാണ് ആഭ്യന്തര അന്വേഷണ റിപോര്‍ട്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഐഐടി ഈ റിപോര്‍ട്ട് കൈമാറി. അധ്യാപകരെ കുറ്റവിമുക്തരാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നാണ് ഫാത്വിമയുടെ കുടുംബം ആരോപിക്കുന്നത്.

മതപരമായ വേര്‍തിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ കൂടി നിഷേധിച്ചാണ് ഐഐടി ഡയറ്കടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയുടെ റിപോര്‍ട്ട്. ഐഐടിയില്‍ നേരത്തെ സംഭവിച്ച ആത്മഹത്യകളും വ്യക്തിപരമായ മനോവിഷമം കാരണമെന്നാണ് ആ റിപോര്‍ട്ടിലെ വിശദീകരണം.

ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന മൊബൈലിലെ ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് സംഘം സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it