Latest News

ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം, മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി

കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം, മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് ആക്ട് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്‌ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.

കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ രൂപം

നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം. അതിലൂടെ നിര്‍ഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.

പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ.

നിലവില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍

ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്.

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് ആക്ട് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്‌ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.

നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്‌കൂള്‍, കോളജ് തലങ്ങളില്‍ നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അതില്‍ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികള്‍ ആവുകയോ ചെയ്താല്‍ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങള്‍ നമ്മുടേത് പോലെ എല്ലാ മതസ്ഥരും ഇടകലര്‍ന്ന ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകും.

സമൂഹത്തില്‍ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മത വിഭാഗങ്ങളില്‍ നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും.

തീവ്ര നിലപാടുകളുടെ പ്രചാരകര്‍ക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകള്‍ ഏതു തലത്തില്‍ നിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സാമുദായിക സ്പര്‍ധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണം എന്നഭ്യര്‍ത്ഥിക്കുന്നു.പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ നോക്കി നില്‍ക്കുന്ന സമീപനം ഉണ്ടാവില്ല.


Next Story

RELATED STORIES

Share it