Latest News

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ വിട്ടത് മുഖ്യമന്ത്രി; രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് ശ്രമമെന്നും വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് പ്രതികളെ ജാമ്യത്തില്‍ വിട്ടത്

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ വിട്ടത് മുഖ്യമന്ത്രി; രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് ശ്രമമെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസും സിപിഎമ്മും ഗുണ്ടകളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിന് വ്യക്തമായ തെളിവുണ്ട്. സോഷ്യല്‍ മീഡിയ വഴി അടക്കം ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടക്കുന്നുണ്ട്. കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് പ്രതികളെ ജാമ്യത്തില്‍ വിട്ടത്. മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന ഇപി ജയരാജന്റെ പ്രസ്താവന പൊളിഞ്ഞു. കള്ളക്കേസ് പിന്‍വലിച്ച് ഇപിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആക്രമണം വ്യാപിപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനമെങ്കില്‍ ജനം തിരിച്ചടി നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അതിന് ഉദാഹരണമാണ് തൃക്കാക്കര. സില്‍വര്‍ ലൈന്‍ എന്ത് വില കൊടുത്താലും നടപ്പിലാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ട് പോകേണ്ടിവന്നു. ഈ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പതനം ആസന്നമായെന്ന് പറഞ്ഞ കെ സുധാകരന്‍, വായ തുറന്നാല്‍ നുണ പറയുന്ന നേതാവാണ് ഇ പി ജയരാജനെന്നെന്നും ആരോപിച്ചു.

'ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല'. ജനാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും ഞങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്റെ അറിവില്ലാതെയാണ് ഉണ്ടായത്. പുതിയ സമരമുറ എന്ന രീതിയിലായിരുന്നിരിക്കാം ആ പ്രതിഷേധം ഉണ്ടായത്. വിമാനത്താവളത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു. പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ, പ്രതിഷേധത്തെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കളെ തള്ളിയിടാന്‍ ഇപി ആരാണെന്ന് ചോദിച്ച കെ സുധാകരന്‍, ഇപിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കില്ലെന്നും സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it