Latest News

പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം: സര്‍ക്കാര്‍ ഭയപ്പാടില്‍, കശ്മീരില്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലപരിധി വര്‍ധിപ്പിക്കുന്നു

രാജ്യത്താകമാനം പൗരത്വപ്രശ്‌നം വിവാദമായ പശ്ചാത്തലത്തിലാണ് കശ്മീരികള്‍ക്കുളളില്‍ രൂപപ്പെട്ട ഭീതി കുറക്കാന്‍ സര്‍ക്കാരിന്റെ നീക്കം. 370 റദ്ദാക്കിയശേഷം പുറത്തുനിന്നുള്ളവര്‍ കശ്മീരിലെ ജോലിയും ഭൂമിയും കയ്യടക്കുമെന്ന് കശ്മീരികള്‍ വ്യാപകമായി ഭയപ്പെടുന്നുണ്ട്.

പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം: സര്‍ക്കാര്‍ ഭയപ്പാടില്‍, കശ്മീരില്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലപരിധി വര്‍ധിപ്പിക്കുന്നു
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് സംഘര്‍ഷങ്ങള്‍ വിതക്കുമ്പോള്‍ അനുച്ഛേദം 370 റദ്ദാക്കിയ കശ്മീരില്‍ സ്ഥിരം താമസക്കാരനെന്ന സര്‍ട്ടിഫിക്കറ്റിന് കാലപരിധി വയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറ്റിയിരുന്നു, ജമ്മു-കശ്മീരും ലഡാക്കും. ഈ പുതിയ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും സര്‍ക്കാര്‍ ജോലിക്കും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു ചേരാനും ഭൂമി വാങ്ങാനും 15 വര്‍ഷം കശ്മീരില്‍ സ്ഥിരമായി താമസിക്കണമെന്നതാണ് പുതുതായി കൊണ്ടുവരാന്‍ പോകുന്ന പരിഷ്‌കാരം.

രാജ്യത്താകമാനം പൗരത്വപ്രശ്‌നം വിവാദമായ പശ്ചാത്തലത്തിലാണ് കശ്മീരികള്‍ക്കുളളില്‍ രൂപപ്പെട്ട ഭീതി കുറക്കാന്‍ സര്‍ക്കാരിന്റെ നീക്കം. 370 റദ്ദാക്കിയശേഷം പുറത്തുനിന്നുള്ളവര്‍ കശ്മീരിലെ ജോലിയും ഭൂമിയും കയ്യടക്കുമെന്ന് കശ്മീരികള്‍ വ്യാപകമായി ഭയപ്പെടുന്നുണ്ട്. ഇത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബിജെപി കരുതുന്നു. അതിന്റെ കൂടെ ഭാഗമാണ് പുതിയ ആലോചനകള്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരനെന്ന സര്‍ട്ടിഫിക്കറ്റിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. കശ്മീരിന്റെയും ലഡാക്കിന്റെ കാര്യത്തില്‍ ഇത് 15 വര്‍ഷമായി നിശ്ചയിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. കശ്മീരില്‍ താമസം തുടങ്ങി പതിനഞ്ച് വര്‍ഷത്തിനു ശേഷം മാത്രമേ സര്‍ക്കാര്‍ ജോലി, ഉന്നത വിദ്യാഭ്യാസം, ഭൂമി ക്രയവിക്രയം ചെയ്യല്‍ എന്നിവ സാധ്യമാവൂ. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും വ്യവസായികള്‍ക്ക് തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സൗകര്യമൊരുക്കുന്നതിനും ഇത് തടസമല്ല.

അതേസമയം ഇതില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുട്ടികള്‍ക്കും ഇതില്‍ ചില കാര്യത്തില്‍ ഇളവുകളുണ്ട്. ഉദ്യോഗസ്ഥരുടെ പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് 12 ാം ക്ലാസ്സിലേക്കുള്ള കശ്മീര്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഇരിക്കാവുന്നതാണ്. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കാഡര്‍ സംസ്ഥാനത്ത് സ്വാഭാവികമായി സ്ഥിരതാമസക്കാരനെന്ന സര്‍ട്ടിഫിക്കറ്റും ആനുകൂല്യങ്ങളും ലഭിക്കും.

സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ ഇവിടെ പഠിച്ച് പാസായാല്‍ അവര്‍ക്ക് ഇവിടെ ഉന്നത വിദ്യാഭ്യാത്തിനുള്ള അനുമതി നല്‍കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.

ദോഗ്ര ഭരണകാലത്ത് ഈ കാലപരിധി 10 വര്‍ഷമായിരുന്നു. തിയ്യതി ജൂണ്‍ 27 1932 ആയും തീരുമാനിച്ചു. പിന്നീട് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ശേഷം തിയ്യതി മെയ് 14 1954 ആയി നിശ്ചയിച്ചു. ഈ തിയ്യതിയ്ക്കു മുമ്പ് 10 വര്‍ഷം ഇവിടെ താമസിച്ചവര്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിനര്‍ഹമാവും. ഈ നിബന്ധന 1947 നു ശേഷം ഇന്ത്യയിലെത്തിയ നിരവധി അഭയാര്‍ത്ഥികള്‍ക്ക്് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പുതിയ നിയമത്തോടെ ഇവര്‍ക്ക് ഭൂമിവാങ്ങാനും മറ്റും സാധിക്കും.




Next Story

RELATED STORIES

Share it