Latest News

പൗരത്വ പ്രക്ഷോഭം: ഒരാളെ വെടിവച്ചു കൊന്നുവെന്ന് തുറന്നു സമ്മതിച്ച് യുപി പോലിസ്

തങ്ങള്‍ ഇതുവരെയും ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പോലിസിന്റെ വാദം. നഗരത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും ഒരാള്‍ പോലിസ് വെടിവയ്പിലാണെന്നുമാണ് ബിജ്‌നോര്‍ ജില്ലാ പോലിസ് മേധാവി മാധ്യമങ്ങളെ അറിയിച്ചത്.

പൗരത്വ പ്രക്ഷോഭം: ഒരാളെ വെടിവച്ചു കൊന്നുവെന്ന് തുറന്നു സമ്മതിച്ച് യുപി പോലിസ്
X

ബിജ്‌നോര്‍: ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ പൗരത്വ ഭേഗദതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലാണെന്ന് ബിജ്‌നോര്‍ ജില്ലാ പോലിസ് മേധാവി. പ്രക്ഷോഭങ്ങളില്‍ പോലിസിന്റെ വെടിയേറ്റ് 14 പേര്‍ നേരത്തെ മരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം അവര്‍ അംഗീകരിക്കുന്നത് ആദ്യമായാണ്. തങ്ങള്‍ ഇതുവരെയും ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പോലിസിന്റെ വാദം. നഗരത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും ഒരാള്‍ പോലിസ് വെടിവയ്പിലാണെന്നുമാണ് ബിജ്‌നോര്‍ ജില്ലാ പോലിസ് മേധാവി മാധ്യമങ്ങളെ അറിയിച്ചത്.

യുപിയില്‍ പ്രക്ഷോഭം ഏറ്റവും ശക്തമായ ജില്ലയാണ് ബിജ്‌നോര്‍. അവിടെ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കു വേണ്ടി പോലിസിന് വെടിവയ്‌ക്കേണ്ടിവന്നുവെന്നും അതില്‍ 20 വയസ്സുള്ള സുലൈമാന്‍ കൊല്ലപ്പെട്ടുവെന്നും ബിജ്‌നോര്‍ എസ്പി സഞ്ജീവ് ത്യാഗി പറഞ്ഞു.

പോലിസുകാര്‍ ലഹള അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും അത് തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമത്തില്‍ അവര്‍ പോലിസിനു നേരെ വെടിവച്ചെന്നും പിന്നീട് സ്വയരക്ഷക്കാണ് പോലിസിന് വെടിവക്കേണ്ടി വന്നതെന്നുമാണ് സഞ്ജീവ് ത്യാഗി നല്‍കുന്ന വിശദീകരണം. കൊല്ലപ്പെട്ടയാളെ അയാളുടെ സുഹൃത്തുക്കള്‍ കൊണ്ടുപോയി. മരിച്ച ആളുടെ പേര് സുലൈമാന്‍ എന്നാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് അനസ് എന്ന പേരുള്ള മറ്റൊരാളും മരിച്ചിരുന്നു. ജനക്കൂട്ടം നടത്തിയ വെടിവയ്പിലാണ് അനസ് മരിച്ചതെന്നും എസ്പി അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശ് പോലിസ് ഡിജിപിയുടെ നിലപാടില്‍ നിന്ന് വിരുദ്ധമാണ് ബിജ്‌നോര്‍ എസ്പിയുടെ നിലപാട്. പോലിസ് വെടിവയ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നാണ് ഡിജിപി ഇതുവരെ പറഞ്ഞിരുന്നത്. പോലിസ് ഒരു ബുള്ളറ്റ് പോലും ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. പ്രതിഷേധക്കാരാണ് തോക്കുപയോഗിച്ചിരുന്നതെന്നും അതില്‍ നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റെന്നും ഡിജിപി അവകാശപ്പെട്ടിരുന്നു.

വെടിവയ്പില്‍ കൊല്ലപ്പെട്ട സുലൈമാന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നെന്ന് കുടുംബം പറയുന്നു. പോലിസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പരാതിപ്പെട്ടു.

''എന്റെ സഹോദരന്‍ നിസ്‌കാരത്തിന് പോയതായിരുന്നു. നിസ്‌കാരശേഷം ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പനിപിടിച്ചിരിക്കുകയായിരുന്നു. അന്നേ ദിവസം വീടിനടുത്ത പള്ളിയിലേക്കല്ല, മറ്റൊരു പളളിയിലേക്കാണ് പോയത്. പള്ളിയില്‍ നിന്ന് പുറത്തുവന്നതോടെ പോലിസ് ലാത്തിച്ചാര്‍ജ്ജു കണ്ണീര്‍വാതക പ്രയോഗവും നടത്തി. അവിടെയുണ്ടായിരുന്ന പോലിസുകാര്‍ അവനെ പിടികൂടുകയും വെടിവയ്ക്കുകയുമാണ് ചെയ്തത്.'' സുലൈമാന്റെ സഹോദരന്‍ ഷുഹൈബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു.




Next Story

RELATED STORIES

Share it