Latest News

സ്വാതന്ത്ര്യസംരക്ഷണത്തിന് പൗരന്‍മാര്‍ ഒന്നിച്ചുനില്‍ക്കണം: റോയി അറക്കല്‍

സ്വാതന്ത്ര്യസംരക്ഷണത്തിന് പൗരന്‍മാര്‍ ഒന്നിച്ചുനില്‍ക്കണം: റോയി അറക്കല്‍
X

മലപ്പുറം: പൗരന്മാരുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഭരണകര്‍ത്താക്കളാല്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ വീണ്ടെടുപ്പിന് വേണ്ടി പൗരന്‍മാര്‍ ഒന്നിച്ചുനിന്ന് പോരാടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യം അടിയറ വെക്കില്ല' എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി വേങ്ങരയില്‍ സംഘടിപ്പിച്ച ആസാദി സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയും നെഹ്‌റുമുള്‍പ്പെടെയുളള ദേശീയ നേതാക്കന്മാര്‍ ഓരോ കാലഘട്ടങ്ങളിലായി വിഭാവനം ചെയ്തു കൊണ്ടുവന്ന പദ്ധതികള്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ഇല്ലാതാക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. എസ്ഡിപിഐ കഴിഞ്ഞ 13 വര്‍ഷമായി ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങളുടേയും സംരക്ഷണത്തിനു വേണ്ടി ഏത് ത്യാഗവും സഹിക്കാന്‍ എസ്ഡിപിഐ തയ്യാറായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച് അശ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അരീക്കല്‍ ബീരാന്‍ കുട്ടി ഭരണഘടയുടെ ആമുഖം വായിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി.ഒ റഹ്മത്തുള്ള, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ചുള്ളിയന്‍ അബ്ദുല്‍ മജീദ്, എസ്.ഡി.ടി.യു സംസ്ഥാന സമിതിയംഗം കെ ഹനീഫ, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഹംസ വഹബി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ സൈനബ ടീച്ചര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം പി ആരിഫ ടീച്ചര്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് അബുബക്കര്‍ കല്ലന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it