Big stories

ചൈനീസ് മിസൈല്‍ട്രാക്കിങ് കപ്പല്‍ ശ്രീലങ്കയിലേക്ക്; ഇന്ത്യക്ക് ആശങ്ക

ചൈനീസ് മിസൈല്‍ട്രാക്കിങ് കപ്പല്‍ ശ്രീലങ്കയിലേക്ക്; ഇന്ത്യക്ക് ആശങ്ക
X

ന്യൂഡല്‍ഹി: ബാലിസ്റ്റിക് മിസൈലുകള്‍ ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് കപ്പലിന്റെ നീക്കമെന്നാണ് കരുതുന്നത്. ശ്രീലങ്കന്‍ തീരത്തെ ചൈനീസ് സൈനികസംവിധാനത്തിന്റെ സാന്നിധ്യം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

യുവാങ് വാങ് വിഭാഗത്തിലുള്ള കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് ആഗസ്റ്റ് 11, 12 തിയ്യതികളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാറ്റലൈറ്റുകളെയും ബാലിസ്റ്റിക് മിസൈലുകളെയും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കപ്പലിലുണ്ട്. 400 പേരാണ് ജോലിക്കാര്‍. വലിയ ആന്റിനകളും സെന്‍സറുകളും കപ്പലിന്റെ ഭാഗമാണ്.


അത് ശ്രീലങ്കന്‍ തീരത്തെത്തിയാല്‍ ഒഡീഷയിലെ വീലര്‍ ദ്വീപിലെ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളെ ട്രാക്ക് ചെയ്യാന്‍ ചൈനക്കാവും. അതുവഴി മിസൈലിന്റെ ശേഷിയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ കൈയോടെ പിടിച്ചെടുക്കാം.

കപ്പല്‍ ആണവ ആയുധങ്ങളോ അതിനുള്ള സംവിധാനങ്ങളോ ഇല്ലാത്തതുകൊണ്ടാണ് തങ്ങളുടെ തീരത്ത് അനുമതി നല്‍കിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യയുടെ ആശങ്കയെക്കുറിച്ച് ബോധ്യമുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യാസമുദ്രത്തില്‍ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമാണ് കപ്പല്‍ എത്തുന്നതെന്ന് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ മാധ്യമവക്താവ് കേണല്‍ നളിന്‍ ഹെരാത്ത് പറഞ്ഞു.


കപ്പലിനെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുടെ സുരക്ഷ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

തിരക്കേറിയ മലാക്കക്കുപകരം ഇന്തോനേഷ്യന്‍ കടലിടുക്കുവഴിയായിരിക്കും കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുക.

ചൈനീസ് നാഷണല്‍ സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷനാണ് കപ്പലിനെ നിയന്ത്രിക്കുന്നത്.

ശ്രീലങ്കയില്‍ ചൈനയുടെ ഇടപെടലും നിക്ഷേപവും വര്‍ധിക്കുന്നതില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്. പ്രത്യേകിച്ച് അടിസ്ഥാനവികസന രംഗത്ത്. ഹമ്പന്‍ടോട്ട തുറമുഖവികസനത്തിന് 14ംകോടി ഡോളറാണ് ചൈന നല്‍കിയത്. 99 വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയിട്ടുള്ളത്. 2017നുശേഷം ശ്രീലങ്ക കടക്കെണിയിലാണ്. പണം തിരിച്ചടക്കാന്‍ കഴിയുന്നില്ല. ഐഎംഎഫുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

2014ല്‍ ഇതേ തുറമുഖത്ത് ചൈനീസ് മുങ്ങിക്കപ്പല്‍ എത്തിയിരുന്നു. അതിനുശേഷമുള്ള ആദ്യ സംഭവമാണ് ഇത്.

Next Story

RELATED STORIES

Share it