Latest News

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം; സമരം ചെയ്യുന്നവരുടെ പട്ടിക ഇന്ന് തന്നെ കൈമാറാന്‍ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ഡയസ്‌നോണ്‍ ബാധകമെന്ന് കാണിച്ച് ഉത്തരവിറക്കി

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം; സമരം ചെയ്യുന്നവരുടെ പട്ടിക ഇന്ന് തന്നെ കൈമാറാന്‍ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ പട്ടിക ഇന്ന് തന്നെ കൈമാറാനും ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കെജിഎംസിടിഎ സമരം കടുപ്പിച്ചതോടെയാണ് ഡയസ്നോണ്‍ ഓര്‍മപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് കൈമാറി. ഡയസ്നോണ്‍ നിര്‍ബന്ധമാക്കിയാല്‍ ആരോഗ്യ മേഖല സ്തംഭിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അനിശ്ചിതകാല ഒപിയും, അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവച്ചുള്ള സമരവും ഡോക്ടര്‍മാര്‍ ഇന്ന് തുടങ്ങി. ഇതോടെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.

ഡോക്ടര്‍മാരുടെ പണിമുടക്ക് സമരത്തെ നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ ഏര്‍പ്പെടുന്ന കാലയളവില്‍ ഡയസ്നോണ്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സമരത്തിലുള്ള ഡോക്ടര്‍മാരില്‍ ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയതിനു ശേഷം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, അറ്റന്‍ഡന്‍സ് സ്റ്റേറ്റ്മെന്റ് സഹിതം സര്‍ക്കാരിന് നല്‍കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഡയസ്നോണ്‍ നിര്‍ബന്ധമാക്കിയാല്‍ സമരം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം.

അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഐപി ചികില്‍സ, മറ്റ് അടിയന്തിര ചികില്‍സകള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവയെ ഒഴിവാക്കിയാണ് സമരം. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് കെജിഎംസിടിഎ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു. സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുമ്പോഴും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് സംഘടന. ഒപി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിനമാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പിജി വിദ്യാര്‍ഥികളും നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങള്‍ പൂര്‍ണമായും തടസപ്പെടും.

Next Story

RELATED STORIES

Share it