Latest News

ടിബറ്റന്‍ കൗമാരക്കാരെ നിര്‍ബന്ധിത സൈനിക പാഠശാലകളിലാക്കി ചൈനീസ് ഭരണകൂടം

ടിബറ്റന്‍ കൗമാരക്കാരെ നിര്‍ബന്ധിത സൈനിക പാഠശാലകളിലാക്കി ചൈനീസ് ഭരണകൂടം
X

ലാസ: പടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശത്തെ ആയിരക്കണക്കിനു കുട്ടികളെ ചൈനീസ് അധികാരികള്‍ സൈനിക സേവനത്തിനായുള്ള സ്‌കൂളുകളിലേക്ക് അയക്കുന്നതായി റിപോര്‍ട്ട്. നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുന്നതിന് തദ്ദേശീയ യുവാക്കളെ തയ്യാറാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് നിര്‍ബന്ധിത പാഠശാലകളെന്നാണ് കരുതുന്നത്. ചൈനീസ് ലോകവീക്ഷണം പഠിപ്പിച്ച് ചൈനീസ് മുഖ്യധാരയുടെ ഭാഗമാക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.

എട്ട്-ഒമ്പത് വയസ്സുമുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് പാഠശാലകളിലെത്തിക്കുക. ഇവര്‍ക്ക് മാതാപിതാക്കളായി ഇടപെടാനുള്ള അവസരം ഇല്ലാതാക്കും. സ്വന്തം ഭാഷ സംസാരിക്കുന്നതിന് വിലക്കുണ്ട്. ബൗദ്ധ ആരാധനാക്രമങ്ങള്‍ ഉപേക്ഷിക്കാനും പ്രേരിപ്പിക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇത്തരം സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

പിഎല്‍എയിലേക്ക് കൂടുതല്‍ ടിബറ്റുകാരെ ചേര്‍ക്കാനും പ്രാദേശികമായി ചൈനീസ് ഭരണകൂടത്തിനെതിരേയുള്ള നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനും ഇതുപകരിച്ചേക്കുമെന്നാണ് പ്രതീക്ഷ.

സൈനിക സ്‌കൂളുകള്‍ക്കുപുറമെ സമാനമായ ബോര്‍ഡിങ് സ്‌കൂളുകളും ചൈനീസ് സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഏകദേശം 9 ലക്ഷത്തോളം 6നും 18നും ഇടയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്ന് ടിബറ്റ് ആക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് റിപോര്‍ട്ടില്‍ പറയുന്നു. ഇവിടെയും അവരുടെ ഭാഷ പഠിപ്പിക്കുന്നില്ല. ചൈനീസ് സംസ്‌കാരത്തിലാണ് പരിശീലനം നല്‍കുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരായി ടിബറ്റിലെ യുവജനങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് പ്രധാനമായി നടക്കുന്നത്. എല്ലാ കുട്ടികളും ചൈനീസ് ഭാഷ പഠിക്കണം. സ്വന്തം മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് വിലക്കുണ്ട്.

ചൈനീസ് സംസ്‌കാരത്തോട് അനുഭാവമുള്ളവരായും സൈനികരായി വളര്‍ത്തുന്നതിനാവശ്യമായ പരിശീലനവുമാണ് എല്ലാവര്‍ക്കും നല്‍കുക.

ഇത്തരം 2 കാംപുകളെക്കുറിച്ചുള്ള വിവരം ഇന്ത്യന്‍ സൈന്യം ശേഖരിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 400ഓളം പേര്‍ പഠിക്കുന്നു. കത്തിപോലുള്ള ആയുധമുപയോഗിക്കാനും തോക്ക് ഉപയോഗിക്കാനുമുള്ള പരിശീലനവും നല്‍കുന്നുണ്ട്.

യുദ്ധമേഖലയില്‍ കുട്ടികളെ ഉപയോഗിക്കരുതെന്ന അന്താരാഷ്ട്ര നിയമത്തിനെതിരാണ് നടക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരം കാംപുകളുടെ വിവരങ്ങള്‍ പുറത്തെത്തിത്തുടങ്ങിയത്. നേരത്തെ റിക്യൂട്ട് ചെയ്യപ്പെട്ട കൗമാരക്കാരെ ഇതിനകം ടിബറ്റിലെ അതിര്‍ത്തികളില്‍ നിയോഗിച്ചുകഴിഞ്ഞു.

ചൈനീസ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഹാന്‍ വിഭാഗങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈനികവൃത്തി നടത്തുന്നതില്‍ നിന്ന് ഒഴിവാക്കി അവിടെ ടിബറ്റുകാരെ നിയമിക്കുകയാണ് പ്രധാന തന്ത്രം. ഇവരെ പടിഞ്ഞാറന്‍ തിയ്യറ്റര്‍ കമാന്‍ഡിലും നിയോഗിക്കും. ഇന്ത്യയുമായുള്ള അതിര്‍ത്തിയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം.

ഇന്തൊ-ടിബറ്റന്‍ അതിര്‍ത്തി സേനയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ടിബറ്റിലെ യുവാക്കളെ ഉപയോഗിക്കുക. ഇവരുടെ സാന്നിധ്യം ഈ പ്രദേശങ്ങളിലെ ടിബറ്റന്‍ കുടുംബങ്ങളെ ചൈനീസ് സര്‍ക്കാരിനോട് അടുപ്പിക്കുമെന്നും കരുതുന്നു.

Next Story

RELATED STORIES

Share it