Latest News

ചൈന കൊവിഡ് നിയന്ത്രിച്ചത് ഹൈടെക് നീക്കങ്ങളോടെ

കൊവിഡ് 19 ആപ്പ് ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഉപയോഗിക്കുന്നവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രയിനുകളിലും പൊതു വാഹനങ്ങളിലും കയറി തുടങ്ങിയവയെല്ലാം വളരെ പെട്ടെന്നു തന്നെ കണ്ടെത്താനാവും. മെഷീന്‍ ഡാറ്റയും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.

ചൈന കൊവിഡ് നിയന്ത്രിച്ചത് ഹൈടെക് നീക്കങ്ങളോടെ
X


ബിജിങ്: കഴിഞ്ഞ ഡിസംബര്‍ 31ന് ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ വൈറസിനെ നിയന്ത്രിക്കാന്‍ ചൈന നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കൊവിഡ്19 എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ ഹൈടെക് നീക്കങ്ങള്‍. ഡിസംബര്‍ 29ന് ശ്വാസംമുട്ടലിന്റെ ലക്ഷണത്തോടെ ധാരാളം പേര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ന്യൂമോണിയ ആണെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. പിന്നീട് ജനുവരി ഏഴിനാണ് ചൈനയില്‍ കണ്ടെത്തിയത് പുതിയ വൈറസാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.അതിനുശേഷം ജനുവരി പതിനൊന്നിന് കൊവിഡ് മൂലമുള്ള ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വൈറസ് നിയന്ത്രണത്തിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും അവര്‍ പ്രയോഗിച്ചു തുടങ്ങി. രോഗബാധിതരടെ എണ്ണവും മരണനിരക്കും കൂടിയതോടെ വുഹാന്‍ നഗരം അടച്ചു പൂട്ടി. നഗരവാസികളായ ആറ് കോടി ജനങ്ങളെ പുറത്തിറങ്ങുന്നതില്‍ നിന്നും തടഞ്ഞു. കൊവിഡ്19 എന്ന ആപ്പ് ഉപയോഗിച്ചാണ് ചൈന 6 കോടി ജനങ്ങള്‍ക്കുമെല്‍ ഈ നിയന്ത്രണം നടപ്പിലാക്കിയത്. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ചൈനയില്‍ ഈ ആപ്പ് എല്ലാവരോടും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതും ജനങ്ങള്‍ അത് നടപ്പിലാക്കിയതും വളരെപെട്ടെന്നായിരുന്നു.

കൊവിഡ് 19 ആപ്പ് ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഉപയോഗിക്കുന്നവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രയിനുകളിലും പൊതു വാഹനങ്ങളിലും കയറി തുടങ്ങിയവയെല്ലാം വളരെ പെട്ടെന്നു തന്നെ കണ്ടെത്താനാവും. മെഷീന്‍ ഡാറ്റയും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. അതിനു പുറമെ നിലവില്‍ കൊവിഡ് ബാധിച്ചവരുടെ വിവരങ്ങളും ആപ്പ വഴി ലഭ്യമാക്കി.കൊവിഡ്19 ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത വൈറസ് ബാധയുള്ളവരോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ സമീപത്തുണ്ടെങ്കില്‍ അലാം മുഴങ്ങും എന്നതാണ്. അതുവഴി രോഗികളോ, അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ പൊതു ഇടങ്ങളിലെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുമെന്നത് രോഗം പടരാതിരിക്കാന്‍ സഹായകരമായി. വുഹാനിലെ ഒരു ഷോപ്പിംഗ്മാള്‍ ജീവനക്കാരന് കൊവിഡ് ബാധിച്ചപ്പോള്‍ മുന്‍പ് അവിടം സന്ദര്‍ശിച്ച 3,000 പേരെയാണ് ആപ്പ് വഴി കണ്ടെത്തി ക്വോറന്റൈനില്‍ പാര്‍പ്പിച്ചത്.

കൊവിഡ് 19 ആപ്പിനു പുറമെ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ബെയ്ദു, സൈന്‍സ് ടൈം എന്നീ ആപ്പുകളും ചൈന കൊവിഡിനെ നേരിടാന്‍ പ്രയോഗിച്ചു. ഫെയ്‌സ് പ്ലസ് ആപ്പ് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒന്നിച്ച് പരിശോധിക്കാനും ഉയര്‍ന്ന ഊഷ്മാവുള്ളവരെ (പനിയുള്ളവരെ) പെട്ടെന്ന് കണ്ടെത്താനും സഹായിക്കുന്നതാണ്. ഇതുവഴി വലിയ ജനക്കൂട്ടതിനിടയില്‍ നിന്നും പനിയുള്ളവരെ വളരെ വേഗം തിരിച്ചറിയാന്‍ സഹായിച്ചു. ഉയര്‍ന്ന ഊഷാമവുള്ളവരെ നേരെ ക്വാറന്റൈനിലേക്ക് മാറ്റാനും രോഗം പടരുന്നത് തടയാനും ആപ്പ് സഹായകമായി.

ഇതിനെല്ലാം പുറമെയാണ് ഇകോമേഴ്‌സ് ഭീമന്‍ ആലിബാബ നിര്‍മിച്ച അലിപേ ആപ്പ്. ഈ ആപ്പ് ക്യു.ആര്‍ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാര്‍ക്ക് കളര്‍ കോഡുകള്‍ നല്‍കി. പൗരന്മാര്‍ ഉപയോഗിക്കുന്ന ഫോണ്‍, ഇന്റര്‍നെറ്റ് ഡാറ്റകള്‍ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ച് ആരോഗ്യാവസ്ഥ കണക്കാക്കിയാണ് കളര്‍കോഡുകള്‍ നല്‍കിയത്. ഇതു പ്രകാരം ഗ്രീന്‍ കോഡ് ലഭിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി. മഞ്ഞക്കാര്‍ഡുകാര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈനും റെഡ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദേശിച്ചു. യാത്രാ നിരോധനമുള്ള മഞ്ഞ, ചുമപ്പ് കാര്‍ഡുള്ളവര്‍ ബസ്സിലോ ട്രയിനിലോ കയറിയാല്‍ ഉടന്‍ അലാം അടിച്ചുതുടങ്ങുമെന്നതിനാല്‍ അത്തരക്കാരെ കണ്ടെത്താന്‍ പോലിസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വളരെവേഗം സാധിച്ചു.




Next Story

RELATED STORIES

Share it