Latest News

അഞ്ച് ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്

പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ

അഞ്ച് ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്
X

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മല്‍സരം ജനുവരി 12 മുതല്‍ സംസ്ഥാനവ്യാപകമായി ആരംഭിക്കും. പൊതുവിജ്ഞാനം, സാമൂഹിക ബോധം, കേരളത്തിന്റെ നവോത്ഥാനവികസന മുന്നേറ്റങ്ങള്‍ എന്നിവ പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാല, കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടത്തുന്നത്. സ്‌കൂള്‍ തല മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കോളേജ് വിഭാഗത്തില്‍ ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. വിജയികള്‍ക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

സ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മല്‍സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ വ്യക്തിഗതമായി നടത്തുന്ന മല്‍സരങ്ങള്‍ക്കു ശേഷം വിദ്യാഭ്യാസ ജില്ല മുതല്‍ ടീം അടിസ്ഥാനത്തിലാണ് മല്‍സരം. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെയാണ് അന്തിമ വിജയിയെ കണ്ടെത്തുക. കോളേജ് വിഭാഗത്തില്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായാണ് മല്‍സരം. കോളേജ് തലത്തില്‍ വ്യക്തിഗതമായും തുടര്‍ന്ന് ടീം അടിസ്ഥാനത്തിലുമുള്ള മല്‍സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന തല ഗ്രാന്‍ഡ് ഫിനാലെയിലൂടെയാണ് കോളേജ് വിഭാഗത്തിലെ അന്തിമ വിജയിയെ നിര്‍ണയിക്കുക.

ക്വിസ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ മല്‍സരമായാണ് ജില്ലാതലം മുതല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് ലക്ഷം പേര്‍ അണിനിരക്കുന്ന മല്‍സരമാണ് പ്രതീക്ഷിക്കുന്നത്. കേരള സമൂഹത്തെ മുഴുവന്‍ കോര്‍ത്തിണക്കുന്ന അറിവിന്റെ മഹോല്‍സവമായി വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.in

Next Story

RELATED STORIES

Share it