Latest News

ചരന്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു; സുഖ്ജീന്ദര്‍ സിംഗ് രന്ധാവയും ഒപി സോണിയും ഉപമുഖ്യമന്ത്രിമാര്‍

ചരന്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു; സുഖ്ജീന്ദര്‍ സിംഗ് രന്ധാവയും ഒപി സോണിയും ഉപമുഖ്യമന്ത്രിമാര്‍
X

ചണ്ഡീഗഢ്: ചരന്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാവിലെ പതിനൊന്നു മണിയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടന്നത്. പഞ്ചാബിയിലാണ് അദ്ദേഹം പ്രതിജ്ഞാവാചകം ചൊല്ലിയത്. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി അടക്കം നാല്‍പ്പതോളം പേര്‍ പങ്കെടുത്തു.

സുഖ്ജീന്ദര്‍ സിംഗ് രന്ധാവയും ഓപി സോണിയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഉപമുഖ്യമന്ത്രിമാരായി ഒരു ജാട്ട് സിഖിനെയും ഒരു ഹിന്ദുവിനെയും നിയമിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു.

ഞായറാഴ്ചയാണ് ചന്നിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. മൂന്ന് തവണ എംഎല്‍എയായിട്ടുള്ള ചരന്‍ജിത് സിങ് ചന്നി, ഛംകൗര്‍ സാഹിബ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിഖ് ദലിത് വിഭാഗക്കാരനാണ്. പഞ്ചാബില്‍ ആദ്യമായാണ് ഒരു ദലിത് സമുദായക്കാരന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ചന്നി 1963ല്‍ പഞ്ചാബിലെ കുരാലിയിലെ ഭജൗലി ഗ്രാമത്തില്‍ ജനിച്ചു. മലേഷ്യയിലായിരുന്നു കുടുംബമുണ്ടായിരുന്നത്. പിന്നീട് 1955ല്‍ നാട്ടില്‍ താമസമാക്കി.

ഞായറാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ചരന്‍ജിത് സിങ് ചന്നിയെ നേതാവായി തിരഞ്ഞെടുത്തത്. ആഭ്യന്തര കലഹത്തിന്റെ ഭാഗമായി അമരീന്ദര്‍ സിങ് രാജിവച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിവ് വന്നത്. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു ചന്നി.

കഴിഞ്ഞ ദിവസം രാവിലെ വരെ സുഖ്ജീന്ദര്‍ രണ്‍ധാവ മുഖ്യമന്ത്രിയായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അഭിപ്രായവ്യത്യാസം പരമാവധി ഒഴിവാക്കുന്നതായിരിക്കണം തീരുമാനമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതുപ്രകാരമാണ് ചരന്‍ജിത് സിങ് ചന്നിയ്ക്ക് നറുക്ക് വീണത്. നവജ്യോത് സിങ് സിദ്ദുവിന്റെ അടുപ്പക്കാരനായി കരുതപ്പെടുന്നയാളാണ് അദ്ദേഹം.

Next Story

RELATED STORIES

Share it