Latest News

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍: നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ മോചിപ്പിച്ചു

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുളള ബില്ല് ഇന്നലെയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍: നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ മോചിപ്പിച്ചു
X

അമരാവതി: ആന്ധ്ര സംസ്ഥാന നിയമസഭയ്ക്ക് പുറത്തുനിന്ന് കസ്റ്റഡിയിലെടുത്ത തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്ര ബാബു നായിഡുവിനെ മോചിപ്പിച്ചു. മംഗലഗിരി നഗരത്തില്‍ വച്ചാണ് നായിഡുവിനെയും അനുയായികളെയും മോചിപ്പിച്ചത്.

ആന്ധ്ര നിയമസഭയ്ക്ക് പുറത്തുനിന്നാണ് പോലിസ് ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ആന്ധ്രപ്രദേശ് ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ഇന്‍ക്ല്യൂസീവ് ഡെവലപ്‌മെന്റ് ഓഫ് ആള്‍ റിജ്യന്‍സ് ബില്ല് 2020 നെതിരേ പ്രതിഷേധിച്ചതിന് അദ്ദേഹത്തെ അനുയായികള്‍ക്കൊപ്പം അറസ്റ്റ് ചെയ്തത്.

ബില്ലിനെതിരേ നിലപാടെടുത്തതിന് ടിഡിപിയിലെ 17 എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് മാറ്റി നിര്‍ത്തിയതിനെതിരേ തിങ്കളാഴ്ച വൈകീട്ട് നായിഡു നിയമസഭ പടികളിലിരുന്ന് പ്രതിഷേധിച്ചിരുന്നു. അവിടെ നിന്നാണ് നായിഡുവിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വീട്ടിലെത്തിച്ചെങ്കിലും വൈകാതെ മംഗലഗിരി സ്‌റ്റേഷനില്‍ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. അമരാവതിയിലേക്ക് പോകുന്നതിനുള്ള ശ്രമങ്ങളെ തടയുന്നതിന്റെ കൂടെ ഭാഗമായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് കരുതുന്നത്.

ജഗ്‌മോഹന്‍ റെഡ്ഢിയുടെ പുതിയ ബില്ലിനെതിരേ ടിഡിപിയിലെ 17 എംഎല്‍എമാര്‍ ജയ് അമരാവതി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. അമരാവതിയായിരുന്നു ആന്ധ്രയുടെ തലസ്ഥാനമാവുന്നതിന് നേരത്തെ തിരഞ്ഞെടുത്തിരുന്നത്.

ലോകത്ത് മൂന്ന് തലസ്ഥാനങ്ങളുള്ള ഒരിടം പോലുമില്ല. അമരാവതിയെ നാം രക്ഷിക്കേണ്ടതുണ്ട്. ഞാന്‍ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ പേരും സമരരംഗത്താണ്. സര്‍ക്കാര്‍ ഓരോരുത്തരെയും അറസ്റ്റ് ചെയ്യുന്നു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല- നായിഡു പറഞ്ഞു.

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുളള ബില്ല് ഇന്നലെയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. വിശാഖപ്പട്ടണത്തെ ഭരണതലസ്ഥാനമായും കുര്‍ണൂലിനെ ജുഡീഷ്യല്‍ തലസ്ഥാനമായും അമരാവതിയെ ലെജിസ്ലേറ്റീവ് തലസ്ഥാനമായുമാണ് പുതിയ ബില്ല് വിഭാവനം ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it