Latest News

ചുമ മരുന്നുകളുടെ വില്‍പനയ്ക്ക് നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ചുമ മരുന്നുകളുടെ വില്‍പനയ്ക്ക് നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ചുമ മരുന്നുകളുടെ അനിയന്ത്രിത വില്‍പന നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ക്ക് തുടക്കമിട്ടു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്നത് തടയുന്നതിന് 'ഡ്രഗ്സ് റൂള്‍സ് 1945'ല്‍ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പൊതുജനാരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ഷെഡ്യൂള്‍ കെ-യില്‍ നിന്നുള്ള 'സിറപ്പ്' എന്ന പദം ഒഴിവാക്കണമെന്നതാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതോടെ ചുമ മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് നിയന്ത്രണം വരും. കരട് വിജ്ഞാപനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാം. ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. 'ഡ്രഗ്സ് (ഭേദഗതി) ചട്ടങ്ങള്‍ 2025' എന്ന പേരിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയ്യതി മുതല്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.

തമിഴ്നാട് ആസ്ഥാനമായ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച 'കോള്‍ഡ്രിഫ്' എന്ന ചുമ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിരവധി കുട്ടികള്‍ മരിക്കുകയും ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. മരുന്നിലെ വിഷാംശമാണ് മരണങ്ങള്‍ക്ക് കാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2025 ഒക്ടോബറില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്.

കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന സിറപ്പുകള്‍ കൃത്യമായ ഡോസ് നിര്‍ണ്ണയമില്ലാതെയും വൈദ്യോപദേശമില്ലാതെയും നല്‍കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമം നിലവില്‍ വന്നാല്‍ സ്വയം ചികില്‍സ, അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം, സ്റ്റിറോയിഡുകളുടെ ദുരുപയോഗം എന്നിവ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it