Latest News

അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് ജെപിസിക്ക് വിട്ട് കേന്ദ്രം

അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് ജെപിസിക്ക് വിട്ട് കേന്ദ്രം
X

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ ഏതെങ്കിലും മന്ത്രിയെയോ അറസ്റ്റ് ചെയ്യുകയോ 30 ദിവസം തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവര്‍ രാജിവയ്‌ക്കേണ്ടിവരുന്ന ബില്ലുകള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. മൂന്ന് ബില്ലുകള്‍ക്കെതിരെയും ലോക്സഭയില്‍ വലിയ ബഹളമുണ്ടായി. മൂന്ന് ബില്ലുകളും പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷം ബില്ല് അവതരിപ്പിച്ച് ജെപിസിക്ക് വിട്ടു.

ബില്ലുങ്ങള്‍ ഇങ്ങനെ..

കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ്, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവക്ക് വ്യത്യസ്ത വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഈ മൂന്ന് ബില്ലുകളും വെവ്വേറെ കൊണ്ടുവന്നത്.

ആദ്യ ബില്ല്: 130-ാമത് ഭരണഘടനാ ഭേദഗതി ബില്‍ 2025, ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാകും.

രണ്ടാമത്തെ ബില്ല് :കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറി (ഭേദഗതി) ബില്ല് 2025 ആണ്.

മൂന്നാമത്തെ ബില്ല്: ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2025, ഇത് ജമ്മു കശ്മീരില്‍ നടപ്പിലാക്കും.

1. കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവണ്‍മെന്റ് (ഭേദഗതി) ബില്‍ 2025

കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ നീക്കം ചെയ്യുന്നതിന് 1963 ലെ കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റ് ആക്ട് (1963 ലെ 20) പ്രകാരം നിലവില്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരു വ്യവസ്ഥയും ഇല്ല.

അതുകൊണ്ട്, ഇത്തരം കേസുകളില്‍ മുഖ്യമന്ത്രിയെയോ മന്ത്രിയെയോ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നല്‍കുന്നതിന് 1963 ലെ ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് ആക്ടിലെ 45-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണ്.

2. 130-ാമത് ഭരണഘടനാ ഭേദഗതി ബില്‍ 2025

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചിരിക്കുന്ന ഒരു മന്ത്രിയെ നീക്കം ചെയ്യാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് ഈ ബില്ലിനെക്കുറിച്ച് കേന്ദ്രം പറഞ്ഞു.

അതിനാല്‍, അത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രിയെയോ കേന്ദ്ര മന്ത്രിമാരുടെ സമിതിയിലെ ഏതെങ്കിലും മന്ത്രിയെയോ, സംസ്ഥാന മന്ത്രിമാരുടെ സമിതിയിലെയോ ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്തെയോ മുഖ്യമന്ത്രിയെയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിയെയോ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നല്‍കുന്നതിന് ഭരണഘടനയുടെ 75, 164, 239അഅ എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്.

3. ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2025

2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം (2019 ലെ 34) പ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചിരിക്കുന്ന മുഖ്യമന്ത്രിയെയോ മന്ത്രിയെയോ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥയില്ല. 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ലെ ഭേദഗതിക്ക് ശേഷം, ഗുരുതരമായ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചിരിക്കുന്ന മുഖ്യമന്ത്രിയെയോ മന്ത്രിയെയോ 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉണ്ടാകും.

Next Story

RELATED STORIES

Share it