Latest News

സെന്‍സസ് 2027; എട്ടു സംസ്ഥാനങ്ങളില്‍ തുടക്കമായി

സെന്‍സസ് 2027; എട്ടു സംസ്ഥാനങ്ങളില്‍ തുടക്കമായി
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027നു തുടക്കമായി. ആദ്യഘട്ടമായ ഭവന നിര്‍ണയവും ഭവന സെന്‍സസും (എച്ച്എല്‍ഒ) ഇന്ന് ആരംഭിച്ച് മെയ് 15 വരെ മുപ്പത് ദിവസത്തേക്ക് നീണ്ടുനില്‍ക്കും. കര്‍ണാടക, ഗോവ, മിസോറാം, ഒഡീഷ, സിക്കിം എന്നിവയ്‌ക്കൊപ്പം ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹിയിലെ എന്‍ഡിഎംസി ഏരിയയും കന്റോണ്‍മെന്റ് ബോര്‍ഡും ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ആദ്യഘട്ട ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

വീടുകളുടെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബത്തിന്റെ ആസ്തികള്‍ എന്നിവ ഉള്‍പ്പെടെ 33 ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നത്. ശുദ്ധജലം, വൈദ്യുതി, ശൗചാലയം, വാഹനങ്ങള്‍, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസാണിത്. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പുകള്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തും. കൂടാതെ, പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍' സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന എസ്ഇ ഐഡി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ നല്‍കിയാല്‍ മതിയാകും.

കേരളത്തില്‍ സെന്‍സസ് നടപടികള്‍ ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും. തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ 30 വരെ വീടുകളിലെത്തി ഉദ്യോഗസ്ഥര്‍ നേരിട്ട് വിവരശേഖരണം നടത്തും. ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കിയവര്‍ക്ക് എസ്ഇ ഐഡി മാത്രം കാണിച്ചാല്‍ മതിയാകും.

ജനസംഖ്യയും ജാതിയും ഉള്‍പ്പെടുന്ന രണ്ടാം ഘട്ട കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടത്താനാണ് പദ്ധതി.

Next Story

RELATED STORIES

Share it