Latest News

കൈക്കൂലി സ്വീകരിച്ച് അനുകൂല വിധി: മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൈക്കൂലി സ്വീകരിച്ച് അനുകൂല വിധി: മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
X

ന്യൂഡല്‍ഹി: അനുകൂല വിധി പ്രസ്താവിക്കുന്നതിന് കൈക്കൂലി സ്വീകരിച്ച സംഭവത്തില്‍ മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളജിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി മറികടക്കുന്നതിനായി ജഡ്ജിക്ക് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. നടപടിയെടുക്കാന്‍ സര്‍ക്കാര്‍് അനുമതി നല്‍കി തൊട്ടുപിന്നാലെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

2019 ഡിസംബറിലാണ് സിബിഐ ജസ്റ്റിസ് ശുക്ലയെ ഐപിസി സെക്ഷന്‍ 120ബിയും(കുറ്റകരമായ ഗൂഢാലോചന) കൈക്കൂലി നിര്‍മാര്‍ജന നിയമമനുസരിച്ചും അറസ്റ്റ് ചെയ്തത്.

എഫ്‌ഐആറില്‍ ജസ്റ്റിസ് ശുക്ലക്കു പുറമെ മുന്‍ ഛത്തിസ്ഗഢ് ഹൈക്കോടതി ജഡ്ജി ഐഎം ഖുറേശി, പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഭഗ് വാന്‍ പ്രസാദ് യാദവ്, പലാഷ് യാദവ് എന്നിവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവന പാണ്ഡെ, സുധീര്‍ ഗിരി എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേര്‍.

പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രണ്ട് വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് 2017 മെയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ക്കു പുറമെ പട്ടികയില്‍ 46 മെഡിക്കല്‍ കോളജുകള്‍ വേറെയുമുണ്ടായിരുന്നു. ആവശ്യമായ സംവിധാനങ്ങളില്ലാത്തതുകൊണ്ടായിരുന്നു താല്‍ക്കാലികമായി കുട്ടികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞത്.

ഇതിനെതിരേ മാനേജ്‌മെന്റ് സുപ്രിംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഗൂഢാലോചന നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി സുപ്രിംകോടതിയിലെ ഹരജി പിന്‍വലിപ്പിച്ചു. അവര്‍ അതേ പരാതി 2017 ഏപ്രില്‍ 24ന് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

2017 ആഗസ്ത് 25ന് കോടതി ഹരജി പരിഗണിച്ചു. മാനേജ്‌മെന്റിന് അനുകൂലമായി ജസ്റ്റിസ് ശുക്ല വിധി പുറപ്പെടുവിച്ചു. സുപ്രിംകോടതിയുടെ ഇതുസംബന്ധിച്ച വിധി മറികടന്നാണ് ശുക്ല വിധിപറഞ്ഞത്. ഇക്കാര്യം അന്വേഷിക്കാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, സിഖിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി കെ ജെയ്‌സ്വാള്‍ തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്. അവര്‍ ജസ്റ്റിസ് ശുക്ല കുറ്റക്കാരനാണെന്ന് കണ്ടെത്തി, നടപടിക്ക് ശുപാര്‍ശ ചെയ്തു.

2018ല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശുക്ലയോട് വിരമിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അതദ്ദേഹം അംഗീകരിച്ചില്ല. ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് സുപ്രിംകോടതി അദ്ദേഹത്തെ മാറ്റിനിര്‍ത്തി.

2019 മാര്‍ച്ചില്‍ ജസ്റ്റിസ് ശുക്ല, ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗൊഗോയിക്ക് എഴുതി. ജസ്റ്റിസ് ഗൊഗോയ് ശുക്ലയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും അഭ്യര്‍ത്ഥിച്ചു. രാജ്യസഭ ചെയര്‍പേഴ്‌സന്‍ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിച്ചു. പക്ഷേ, അത് പിന്നീട് മുന്നോട്ട് പോയില്ല.

സിബിഐ കേസെക്കുന്ന സമയത്ത് ശുക്ല ജഡ്ജിയായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ അനുമതി ആവശ്യമായത്. എന്നാല്‍ ഈ സമയത്ത് ഖുറേശി വിരമിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ല.

2005ലാണ് ജസ്റ്റിസ് ശുക്ല അലഹബാദ് ഹൈക്കോടതില്‍ ചേര്‍ന്നത്. ജൂലൈ 17, 2020ന് വിരമിച്ചു.

Next Story

RELATED STORIES

Share it