Latest News

കെയർ ഹോം: ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും നാളെ

കെയർ ഹോം: ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും നാളെ
X

ആലപ്പുഴ; സഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയര്‍ ഹോം പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനുള്ള വീടുകളുടെ താക്കോല്‍ ദാനം ചൊവ്വാഴ്ച (22 മാര്‍ച്ച്). ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ കര്‍മസദന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്കു 12.30ന് നടക്കുന്ന ചടങ്ങില്‍ കെയര്‍ ഹോം ഒന്നാം ഘട്ട പൂര്‍ത്തീരണ പ്രഖ്യാപനവും താക്കോല്‍ ദാനവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. പുന്നമട കായല്‍ പ്രദേശത്ത് കെയര്‍ ഹോം പദ്ധതി നടപ്പിലാക്കിയ സഹകരണ സംഘത്തെ കാര്‍ഷിക മന്ത്രി പി. പ്രസാദ് ആദരിക്കും.

ആലപ്പുഴ ജില്ലയില്‍ 201 വീടുകള്‍ നിര്‍മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 190 വീടുകളുടെ നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ശേഷിച്ച 11 വീടുകളില്‍ 10 എണ്ണത്തിന്റെ താക്കോല്‍ദാനമാണ് ഇന്നു നടക്കുന്നത്. ഒരു വീടിന്റെ ഫിനിഷിങ് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഈ വീട് അനുവദിച്ചു കിട്ടിയ ഗുണഭോക്താവ് മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസങ്ങളാണ് ഫിനിഷിങ് പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.

ദുഷ്‌കരമായ കായല്‍ പ്രദേശത്താണ് 11 വീടുകളും നിര്‍മിച്ചത്. നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. നിര്‍മാണ സാമഗ്രികള്‍ ലോറിയിലെത്തിച്ച് നെഹ്‌റു ട്രോഫി വള്ളം കളി സ്റ്റാര്‍ട്ടിങ് പോയിന്റിനു സമീപം ഇറക്കി, വള്ളത്തില്‍ കയറ്റി വള്ളം അടുപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം ട്രോളിയിലും തലച്ചുമടായും നിര്‍മ്മാണ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വേനല്‍ക്കാലത്തു പോലും വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണിത്. ചെറിയ മഴയത്ത് പോലും ചെളിയും വെള്ളവും നിറയുന്ന പ്രദേശത്ത് ജോലിക്കാരെ എത്തിക്കുന്നതിനും പ്രയാസം നേരിട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കേപ്പ് (സിഎപിഇ) നിയന്ത്രിക്കുന്ന പുന്നപ്ര എന്‍ജിനിയറിങ് കോളജാണ് വീടുകളുടെ രൂപകല്‍പ്പന നടത്തിയത്. പ്രളയത്തെ ചെറുക്കുന്ന തരത്തില്‍ പില്ലറുകള്‍ ഉയര്‍ത്തിയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വീടൊന്നിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നിര്‍മാണ പ്രദേശത്തിന്റെ പ്രത്യേകതയും ഭൂപ്രകൃതിയും വിലയിരുത്തി 11 വീടുകളുടെ നിര്‍മാണത്തിന് അധിക ധനസഹായമായി 37,41,783 രൂപ അനുവദിച്ചിരുന്നു. എസ്എല്‍ പുരം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യും. കെയര്‍ ഗ്രേയ്‌സ് ഗൃഹോപകരണങ്ങളുടെ വിതരണം എ.എം ആരിഫ് എംപി നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

Next Story

RELATED STORIES

Share it