Latest News

അബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാലുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാലുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
X

അബൂദാബി: 2023 ജൂലൈ ആറിന് അബുദാബിയില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം, രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നാലുലക്ഷം ദിര്‍ഹം (ഏകദേശം 95.4 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിച്ചു.

അല്‍ ബതീന്‍-അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ വെച്ചാണ് അപകടം നടന്നത്. ഒരു ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി സ്വദേശി ഓടിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചത്. ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാല്‍ക്കണ്‍ ഐ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഇതേത്തുടര്‍ന്ന്, അശ്രദ്ധമായി വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി 20,000 ദിര്‍ഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് രണ്ടുലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കാനും വിധിച്ചു. ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് യാബ് ലീഗല്‍ സര്‍വീസസ് ദിയാമണിക്ക് പുറമെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ ഹെയേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ബ്രെഡ് വിന്നര്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് വിധി തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍, ദിയാമണിക്ക് പുറമെ രണ്ടുലക്ഷം ദിര്‍ഹം കൂടി ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ കുടുംബത്തിന് ആകെ നാലുലക്ഷം ദിര്‍ഹം ലഭിച്ചു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.

Next Story

RELATED STORIES

Share it