Latest News

കാലിക്കറ്റ് സര്‍വകലാശാലാ സീറ്റ് വര്‍ധന: സിന്‍ഡിക്കേറ്റ് യോഗ തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന് കാംപസ് ഫ്രണ്ട്

കാലിക്കറ്റ് സര്‍വകലാശാലാ സീറ്റ് വര്‍ധന: സിന്‍ഡിക്കേറ്റ് യോഗ തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന് കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സീറ്റ് വര്‍ധനയുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ശൈഖ് റസല്‍. കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോളേജ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 20ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ സ്റ്റാറ്റിയൂട്ടറി മാക്‌സിമം എന്ന നിലക്ക് പരമാവധി സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമായിരുന്നു. ഇതോടെ സര്‍വകലാശാലക്ക് കീഴില്‍ വിവിധ കോളേജുകളിലായി അയ്യായിരത്തോളം സീറ്റുകളിലേക്കാണ് പുതുതായി പ്രവേശനം നല്‍കേണ്ടത്. എന്നാല്‍ ഗവണ്‍മെന്റ് കോളേജുകള്‍ തീരുമാനം ഇതുവരെ നടപ്പില്‍ വരുത്താന്‍ തയ്യാറായിട്ടില്ല.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് സമാനമായ ദുരവസ്ഥ മലബാറിലെ വിദ്യാര്‍ഥികള്‍ ബിരുദ പ്രവേശനത്തിനും നേരിടുന്നുണ്ട്. 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ 33,000ത്തിലധികം വിദ്യാര്‍ഥികളില്‍ നിന്ന് 22,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ പ്രവേശനം നേടാനായത്. ബാക്കിയുള്ളവര്‍ സ്വാശ്രയ വിദ്യാഭ്യാസത്തെയാണ് ആശ്രയിക്കുന്നത്. ഈ പ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരം കാണാന്‍ പുതിയ സീറ്റ് വര്‍ധന തീരുമാനം കൊണ്ട് സാധിക്കുമെന്നിരിക്കെ സര്‍ക്കാര്‍ കോളേജുകളിലെ അധികൃതര്‍ ചെയ്തുകൊണ്ടിരിക്കുന്ന നിസ്സംഗത തീര്‍ത്തും വിദ്യാര്‍ഥി വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുകൊണ്ട് അടിയന്തരമായി തീരുമാനം നടപ്പിലാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും പ്രസ്തുത തീരുമാനം നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഇനിയും പ്രവേശനം വൈകിയാല്‍ വ്യത്യസ്ത സമരമാര്‍ഗങ്ങളിലേക്ക് കാംപസ് ഫ്രണ്ട് പ്രവേശിക്കുമെന്നും ശൈഖ് റസല്‍ കൂട്ടിച്ചേര്‍ത്തു.

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഫസല്‍ പുളിയാറക്കല്‍, കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി അംഗം ജുബൈര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it