Latest News

സിഎഎ: ലഖ്‌നോവില്‍ കുത്തിയിരുപ്പ് സമരം നടത്തിയ സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കേസ്

പ്രതിഷേധക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിഎഎ: ലഖ്‌നോവില്‍ കുത്തിയിരുപ്പ് സമരം നടത്തിയ സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കേസ്
X

ലഖ്‌നോ: ലഖ്‌നോവിലെ ക്ലോക്ക് ടവറില്‍ പൗരത്വ ഭേദഗതിക്കെതിരേ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കേസ്. കലാപം, നിയമവിരുദ്ധമായ കൂട്ടംചേരല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് ചുമത്തിയിരിക്കുന്നത്. പ്രശസ്ത ഉറുദു കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ മുന്നവാര്‍ റാണ, സൗമ്യ റാണ, ഫൗസിയ റാണ എന്നിവരുടെ മക്കളടക്കം ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും ക്രിമിനല്‍ നടപടിക്രമത്തിലെ 144ാം വകുപ്പ് പ്രകാരം ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവുകള്‍ ലംഘിച്ചതായും പോലിസ് പറഞ്ഞു. എന്നാല്‍ ക്ലോക്ക് ടവര്‍ പ്രതിഷേധ പരിസരത്ത് അത്തരത്തിലുള്ള നശീകരണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

'പ്രതിഷേധത്തില്‍ ഒരു അക്രമവും ഉണ്ടായിട്ടില്ല, സ്ത്രീകളും കുട്ടികളും മാത്രമാണ് പ്രതിഷേധിക്കുന്നത്. ദേശസ്‌നേഹ ഗാനങ്ങള്‍ ആലപിക്കുന്നു. ജാതീയത, ഫാസിസം എന്നിവക്കെതിരേ'ഇന്‍ക്വിലാബ് സിന്ദാബാദ്', 'ആസാദി' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ഞങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തത്?'- പ്രതിഷേധിക്കുന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിനു മാത്രമാണന്നും ഒരു സ്ത്രീ പറഞ്ഞു.

500 ഓളം സ്ത്രീകളാണ് വെള്ളിയാഴ്ച മുതല്‍ ക്ലോക്ക് ടവറില്‍ പൗരത്വ ഭേദഗതിക്കെതിരേ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്നത്. നിരവധി സ്ത്രീകളും കുട്ടികളും പ്രകടനത്തില്‍ പങ്കുചേര്‍ന്നു. ശനിയാഴ്ച രാത്രിയോടെ പ്രതിഷേധക്കാരുടെ പുതപ്പുകളും ഭക്ഷണവും പിടിച്ചെടുത്തിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുപി പോലിസിന്റെ നടപടിക്കെതിരേയുള്ള പ്രതിഷേധം വ്യാപകമായിരിക്കയാണ്.



Next Story

RELATED STORIES

Share it