Latest News

അക്രമവുമായി സി.എ.എ അനുകൂലികള്‍: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം; മരണം മൂന്നായി

സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. രണ്ട് വീടുകളും അഗ്നിക്കിരയാക്കി.

അക്രമവുമായി സി.എ.എ അനുകൂലികള്‍:   വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം; മരണം മൂന്നായി
X

ന്യൂഡല്‍ഹി: സി.എ.എ. വിരുദ്ധ പ്രക്ഷോഭകരെ നേരിടുമെന്ന മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിറകെ സംഘര്‍ഷം ശക്തമാകുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂര്‍ പ്രദേശത്ത് തിങ്കളാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലിസുകാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. പോലിസുകാരന്‍ കല്ലേറിലും ഒരാള്‍ പോലിസ് നടത്തിയ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെ ആള്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന കാര്യം വ്യക്തമല്ല. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി പോലിസിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ് കൊല്ലപ്പെട്ടത്.കല്ലേറില്‍ തലക്കേറ്റ പരിക്കാണ് മരണകാരണം.

അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. രണ്ട് വീടുകളും അഗ്നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ഫ്ഌഗ് മാര്‍ച്ച് നടത്തിയിട്ടും ഫലം കണ്ടില്ല. സി.ആര്‍.പി.എഫ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

മൗജ്പൂര്‍ മെട്രോ സ്‌റ്റേഷന് സമീപമുള്ള കബീര്‍ നഗര്‍ പ്രദേശത്ത് സി.എ.എ സമരക്കാര്‍ക്കു നേരെ അക്രമമുണ്ടായി. ഇവിടെ ജയ് ശ്രീ റാം' വിളിച്ചു കൊണ്ട് അക്രമികള്‍ എത്തുന്നത് കണ്ടുവെന്ന് ഉമിഡ്.കോം റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങള്‍ അടച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച്ച പ്രദേശത്ത് വന്‍ റാലി സംഘടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി കപില്‍ മിശ്ര രംഗത്തുവന്നത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരെ മൂന്നു ദിവത്തിനകം ഒഴിപ്പിച്ചില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നായിരുന്നു പോലിസിനോട് കപില്‍ മിശ്രയുടെ വെല്ലുവിളി. ഇതിനു ശേഷമാണ് പ്രദേശത്ത അക്രമങ്ങള്‍ ആരംഭിച്ചത്. പോലിസ് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും അക്രമികളെ നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.




Next Story

RELATED STORIES

Share it