Latest News

പ്രവാചകനിന്ദ: ഇന്ത്യക്കെതിരേ പ്രതിഷേധവുമായി പതിനഞ്ച് രാജ്യങ്ങള്‍

പ്രവാചകനിന്ദ: ഇന്ത്യക്കെതിരേ പ്രതിഷേധവുമായി പതിനഞ്ച് രാജ്യങ്ങള്‍
X

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രമുഖയായ നേതാവ് നടത്തിയ പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ച രാജ്യങ്ങളുടെ എണ്ണം 15ആയി. ബിജെപി വക്താവായ നൂപുര്‍ ശര്‍മയും ഐടി വിഭാഗം മേധാവിയായ നവീന്‍ കുമാര്‍ ജിന്‍ഡാലുമാണ് പ്രവാചകനെ അപഹസിച്ചുകൊണ്ട് രംഗത്തുവന്നത്. നൂപുര്‍ ശര്‍മ ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വിദ്വേഷപരാമര്‍ശം നടത്തിയത്. ജിന്‍ഡാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

വിദ്വേഷപരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരേ ബിജെപി നടപടിയെടുത്തു.

ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ഇറാന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, മാലദ്വീപ്, ലിബിയ, ഇന്തോനേസ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കെതിരേ ഔദ്യോഗികമായി പ്രതിഷേധിച്ചത്.

പ്രവാചകനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ ഇന്ത്യ പരസ്യമായി മാപ്പുപറയണമെന്നാണ് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

രണ്ട് ബിജെപി നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇത് ഇടയാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.

ചര്‍ച്ചയിലെ പ്രതികരണവും ട്വീറ്റും ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നൂപുര്‍ ശര്‍മയെയും ജിന്‍ഡാലിനെയും ബിജെപി പുറത്താക്കിയിരിക്കുകയാണ്. തങ്ങള്‍ ഒരു മതത്തിനും എതിരല്ലെന്ന് ബിജെപി പ്രസ്താവിച്ചു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോഓര്‍പറേഷന്‍ സംഭവത്തെ അപലപിച്ചു. ന്യൂനപക്ഷസംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തറും ഇറാനും കുവൈത്തും ഞായറാഴ്ചതന്നെ ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

പ്രവാചകനിന്ദക്കെതിരേ സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ഉണ്ടായിട്ടുണ്ട്.

നൂപുര്‍ ശര്‍മക്കും കുടുംബത്തിനും ഡല്‍ഹി പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് അവര്‍ ആരോപിച്ചു.

മറ്റ് മതങ്ങളെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ശര്‍മ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it