Latest News

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് ബിജെപി സംഭാവനയായി സ്വീകരിച്ചത് 30 കോടി
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഭാരതീയ ജനതാ പാര്‍ട്ടിക്ക്(ബിജെപി) 30 കോടി രൂപ സംഭാവനയായി നല്‍കിയതായി റിപോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരാണ് അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇക്കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപോര്‍ട്ട്. കമ്പനി ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഭവനയാണിത്. 2023-24ല്‍ രണ്ടുകോടി രൂപയാണ് ഇവര്‍ ബിജെപിക്ക് സംഭാവന നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ ഉദ്ധരിച്ച് സ്‌ക്രോള്‍ ഡോട് ഇന്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 2018ന് ശേഷം ആദ്യമായി 10,000 കോടിയിലധികം വരുമാനം രേഖപ്പെടുത്തിയതായും റിപോര്‍ട്ടിലുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിനു കീഴിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായാണ് സംഭാവന നല്‍കിയെതെന്നാണ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൗസാന്‍ അലവി പറയുന്നത്. മോദി സര്‍ക്കാരിന്റെ കീഴില്‍ സുസ്ഥിര വളര്‍ച്ചക്കായി പോസിറ്റീവായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്. വികസിത ഭാരതത്തിന്റെ കൂടുതല്‍ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കുമായി സംഭാവന നല്‍കിയിട്ടുണ്ട്. കാര്യക്ഷമമായ ജിഎസ്ടി ചട്ടക്കൂടുകളും ഈജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ വിപണികളിലേക്ക് ബീഫ് കയറ്റുമതി വ്യവസായത്തെ കടന്നുചെല്ലാന്‍ സഹായിച്ച വ്യാപാര നയതന്ത്രവും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അല്ലാന ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫൗസാന്‍ അലവി പറഞ്ഞു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാരും മാംസ വ്യവസായവും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം വന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അല്ലാന ഗ്രൂപ്പ് പ്രധാന സംസ്‌കരണ യൂണിറ്റുകള്‍ നടത്തുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍, ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഇറച്ചി വ്യാപാരികള്‍ക്ക് നേരെയുള്ള ഹിന്ദുത്വ വാദികളുടെ ആക്രമണ പരമ്പര അവരുടെ വിതരണ ശൃഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടത്. അതില്‍ പ്രധാനമായും ആക്രമണത്തിനിരകളായത് മുസ് ലിംകളാണ്.

2019 ജനുവരിയില്‍ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100ലധികം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഏകദേശം 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ചായിരുന്നു റെയിഡ്. ഇതിനുപിന്നാലെ ഏഴുകോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതും അല്ലാനസണ്‍സ് ഗ്രൂപ്പിന്റെ രാഷ്ട്രീയ ഫണ്ടിങ് ചരിത്രത്തില്‍ ഉള്‍പ്പെടുന്നു. ആ കാലയളവില്‍ അവര്‍ ബിജെപിക്ക് രണ്ടു കോടി രൂപയും ശിവസേനയ്ക്ക് അഞ്ചു കോടി രൂപയും സംഭാവന നല്‍കിയെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it